വടക്കാഞ്ചേരി: മച്ചാട് മാമാങ്കത്തോട് അനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ ഇന്ന് രാത്രി ഭക്തൻ സമർപ്പിക്കുന്ന 1300 നിറപറകൾ ഗിന്നസ് ബുക്കിൽ ഇടം പിടിക്കും. നാണയങ്ങൾ, ധാന്യങ്ങൾ, പഴങ്ങൾ, അരി, നെല്ല്, പൂക്കൾ, പച്ചക്കറികൾ, മഞ്ഞൾ, പഞ്ചസാര, തുടങ്ങി വ്യത്യസ്തമായ ഇനങ്ങൾ ഓരോ പറയിലും നിറയും. ഇതിനൊപ്പം വിളക്കും കത്തിച്ചു വയ്ക്കും. ക്ഷേത്രത്തിന്റെ വടക്കെ നടയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പറകൾ വയ്ക്കുക. മണലിത്തറ കോട്ടയിൽ കെ. സദാശിവൻ എന്ന ഭക്തനാണ് വഴിപാടായി 1300 പറകൾ സമർപ്പിക്കുന്നത്. ആദ്യമായാണ് ക്ഷേത്രത്തിൽ ഇത്രയധികം പറകൾ സമർപ്പിക്കുന്നത്.