fire

തൃശൂർ: ജീവിവർഗങ്ങളെയും വനസമ്പത്തിനെയും നശിപ്പിക്കുന്ന കാട്ടുതീയ്ക്ക് കാരണമാകുന്നത് മിക്കവാറും സംഭവങ്ങളിൽ സാമൂഹികവിരുദ്ധരുടെ ഇടപെടലുകളാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ. അലക്ഷ്യമായി വലിച്ചെറിയുന്ന സിഗററ്റ് കുറ്റികളും ഭക്ഷണം തയ്യാറാക്കാനായി ഒരുക്കുന്ന താത്കാലിക അടുപ്പുകളും മന:പൂർവ്വം പുല്ല് കത്തിക്കുന്നതുമെല്ലാമാണ് അഗ്നിബാധയ്ക്ക് ഇടയാക്കുന്നത്.

തീ അണയ്ക്കാനും തീപിടിത്തമുളള ഇടങ്ങളിലേക്ക് എത്തിപ്പെടാനും കഴിയാതെ ഫയർഫോഴ്സും വനംവകുപ്പും നിസഹായരാകും. സ്വകാര്യ കൃഷിയിടങ്ങളിൽ നിന്നും പുൽമൈതാനങ്ങളിൽ നിന്നും പടർന്ന് പിടിക്കുന്ന തീയാണ് കാടിനെയും വിഴുങ്ങുന്നത്. ഇന്നലെ രാത്രി ദേശമംഗലം വനമേഖലയിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിക്കാനിടയായതും പുൽക്കാടുകളിലേക്ക് തീ പടർന്നതോടെയായിരുന്നു.

ഈ വർഷം രണ്ട് മാസത്തിനുള്ളിൽ തന്നെ ഫയർഫോഴ്സ് വനമേഖലയിൽ അടക്കം നാൽപ്പതോളം സ്ഥലങ്ങളിലുളള അടിക്കാടുകളിലെ തീ അണച്ചിരുന്നു. പലയിടങ്ങളിലും ഫയർഫോഴ്സിന് എത്തിച്ചേരാൻ പോലും കഴിഞ്ഞില്ല. റെയിൽവേപ്പാളത്തിന് സമീപത്തും ഉൾക്കാടുകളിലുമെല്ലാം തീപിടിച്ചാൽ എത്തിപ്പെടാനാകാതെ അവർക്ക് കാഴ്ചക്കാരാകേണ്ടി വരാറുണ്ട്. ട്രെയിനുകളിലെയും മറ്റ് വാഹനങ്ങളിലെയും യാത്രക്കാർക്കും തീപ്പിടിത്തം ഭീഷണിയാകും.

അകമല വാഴക്കോട്ട് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കഴിഞ്ഞ 10 ന് രാത്രി തീ പടർന്ന് പിടിച്ചിരുന്നു. നാല് ഏക്കർ സ്ഥലത്തെ തീ അണച്ചത് ഷൊർണൂരിൽ നിന്ന് അടക്കമുളള ഫയർഫോഴ്സെത്തിയാണ്. ജനുവരി ഒന്നിന് രാത്രിയിലും ഇവിടെ തീപിടിത്തമുണ്ടായി. വനാതിർത്തിയോട് ചേർന്ന സ്ഥലങ്ങൾ ആരുടെയും ശ്രദ്ധയിൽപ്പെടാത്തതു കൊണ്ടു തന്നെ തീപിടിത്തമുണ്ടായാലും പെട്ടെന്ന് പുറം ലോകമറിയില്ല. വനമേഖലയോട് ചേർന്നുളള ഫയർ സ്റ്റേഷനുകളിൽ ഇടവഴികളിലേക്ക് പോകുന്നതിനുളള വാഹനങ്ങളില്ലാത്തത് ഫയർഫോഴ്സിനെയും പ്രതിസന്ധിയിലാക്കാറുണ്ട്.

സംരക്ഷിത വനങ്ങൾ ഏറെയുള്ള വടക്കാഞ്ചേരി സ്റ്റേഷൻ പരിധിയിലും ഇത്തരം വാഹനങ്ങൾ ഇല്ലെന്ന് ആക്ഷേപമുയർന്നിരുന്നു. അസുരൻകുണ്ട് അണക്കെട്ടിലേയ്ക്കുള്ള സന്ദർശകരെയും വനംവകുപ്പ് നിരോധിച്ചിരുന്നു. വേനലിൻ്റെ തുടക്കത്തിൽ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഒരുക്കം തുടങ്ങിയിരുന്നു.

വനംവകുപ്പിന്റെ ഒരുക്കങ്ങൾ:

കാട്ടുതീ തടയാൻ മാത്രമായി കാടുകളിൽ വാച്ചർമാർ.

നൂറു കിലോമീറ്ററോളം ഫയർ ലൈൻ

 വനത്തിലേയ്ക്ക് പ്രവേശനകവാടങ്ങളിൽ ട്രാപ്പ് കാമറകൾ

 കാട്ടുതീക്കെതിരേ ബോധവത്കരണത്തിനായി നോട്ടീസുകൾ

ആദിവാസികൾ, എസ്.പി.സി അംഗങ്ങൾ, വാച്ചർമാർ, സന്നദ്ധപ്രവർത്തകർ എന്നിവരുൾപ്പെട്ട ഫയർ ഗ്യാംഗുകൾ

വാട്ടർ കാൻ, ടോർച്ച്, ഫസ്റ്റ് എയ്ഡ് ബോക്‌സ് എന്നിവ ലഭ്യമാക്കി

ഫയർഫോഴ്സിന് വേണ്ടത്

 12,000 ലിറ്ററിന്റെ വാട്ടർ ബൗസർ
 വാട്ടർ ടെൻഡർ, ക്രാഷ് ടെൻഡർ
 ഫസ്റ്റ് റെസ്‌പോൺസ് മെഷീൻ
 ചെറിയ വഴികളിലൂടെ പോകാനുളള വാഹനം