രണ്ട് പേർക്ക് പൊള്ളലേറ്റു; ഒരാളുടെ നില ഗുരുതരം;പലരും കുഴഞ്ഞുവീണു
ദുരന്തം തൃശൂർ ദേശമംഗലത്ത് ; തീയണയ്ക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുന്നു
വടക്കാഞ്ചേരി: ദേശമംഗലത്ത് ഏക്കർ കണക്കിന് വനത്തിലുണ്ടായ വൻ തീ അണയ്ക്കുന്നതിനിടെ, വനം വകുപ്പിലെ രണ്ട് ജീവനക്കാർ വെന്ത് മരിച്ചു. മറ്റ് രണ്ട് പേർക്ക് പൊള്ളലേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ഫോറസ്റ്റ് ട്രൈബൽ വാച്ചർ അതിരപ്പിളളി വാഴച്ചാൽ ആദിവാസി കോളനിയിലെ ദിവാകരൻ (43), താത്കാലിക വാച്ചർ പാലക്കാട് കൊടുമ്പ് എടവണവളപ്പിൽ വീട്ടിൽ കുഞ്ഞയ്യപ്പന്റെ മകൻ വേലായുധൻ (54) എന്നിവരാണ് മരിച്ചത്.കൊടുമ്പ് സ്വദേശിയും താത്കാലിക വാച്ചറുമായ വട്ടപ്പറമ്പിൽ അയ്യപ്പൻ മകൻ ശങ്കരനാണ് (48) ഗുരുതര പൊള്ളലോടെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുളളത്. ഗാർഡ് നൗഷാദിനെ ചെറുതുരുത്തിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശമംഗലം പഞ്ചായത്തിലെ പള്ളം കൊറ്റമ്പത്തൂരിലെ എച്ച്.എൻ.എൽ തോട്ടത്തിൽ ഇന്നലെ ഉച്ചയ്ക്കാണ് തീപിടിത്തമുണ്ടായത്. മുൾക്കാടുകളും കുറ്റിക്കാടുകളും യൂക്കാലിപ്‌സുകളും വൻമരങ്ങളും നിറഞ്ഞ ഇരുപതോളം ഏക്കറിലാണ് തീ പടർന്നത്. വനം വകുപ്പിലെ ഉദ്യോഗസ്ഥരായ 14 പേർ അടങ്ങുന്ന സംഘമാണ് തീയണയ്ക്കാൻ പുറപ്പെട്ടത്. ഫയർ ഫോഴിസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മൂന്ന് മണിക്കൂറോളം തീയണച്ചെങ്കിലും നിയന്ത്രിക്കാനായില്ല. അഞ്ചരയോടെ ശക്തമായ കാറ്റടിച്ചതോടെ തീ ആളിപ്പടർന്നു.ഇതിനിടെ ,വനം വകുപ്പ് ജീവനക്കാരുടെ ശരീരത്തിലേക്കും തീ പടർന്നു. പലരും കുഴഞ്ഞ് വീണു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയെങ്കിലും രാത്രി വൈകിയും തീയണയ്ക്കാനായില്ല. പള്ളിക്കൽ വനമേഖലയിൽ തീപിടിത്തം നിയന്ത്രിക്കാനായിട്ടില്ലെന്ന് തൃശൂർ ഡി.എഫ്.ഒ പറഞ്ഞു.
പത്ത് കിലോമീറ്ററോളം ഉൾവനമായതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമായിരുന്നു. മൃതദേഹങ്ങ8 തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഷൊർണൂർ, വടക്കാഞ്ചേരി ഫയർ സ്റ്റേഷനുകളിൽ നിന്നായിരുന്നു രക്ഷാപ്രവർത്തനം. ജില്ലാ കളക്ടർ എസ്. ഷാനവാസ്, രമ്യ ഹരിദാസ് എം.പി തുടങ്ങിയവർ കൊറ്റമ്പത്തൂരിലെത്തി. പെട്ടെന്ന് എത്തിച്ചേരാൻ പറ്റാത്ത സ്ഥലമായതിനാൽ നാട്ടുകാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്ത അവസ്ഥയാണ്.
പ്രളയത്തിൽ നാലുപേർ
മരിച്ചിടത്ത് വീണ്ടും
കഴിഞ്ഞ പ്രളയകാലത്ത് മലയിടിഞ്ഞ് നാല് പേർ മരിച്ച കൊറ്റമ്പത്തൂരിലാണ് വീണ്ടും കാട്ടുതീയായി ദുരന്തമെത്തിയത്.
മലയിടിച്ചിൽ ശക്തമായതോടെ നിരവധി വീട്ടുകാരെ അന്ന് സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. സ്‌കൂളുകളിൽ നിന്ന് തിരിച്ച് വീടുകളിലേക്ക് മടങ്ങുമ്പോഴായിരുന്നു മലയിടിഞ്ഞ് നാലു പേർ മരിച്ചത്. എന്നാൽ ഇപ്പോൾ വേനൽച്ചൂടാണ് വില്ലനായത്. . കഴിഞ്ഞ ബുധനാഴ്ചയും ദേശമംഗലം വനത്തിൽ തീപിടിച്ചിരുന്നു. ആറങ്ങോട്ടുകരയ്ക്ക് സമീപമായിരുന്നു ഇത്. രണ്ടു ദിവസം കൊണ്ടാണ് തീയണച്ചത്.