വടക്കാഞ്ചേരി: ദേശമംഗലം കൊറ്റമ്പത്തൂരിൽ ഏക്കർ കണക്കിന് വനത്തിലുണ്ടായ വൻ തീ അണയ്ക്കുന്നതിനിടെ, വനം വകുപ്പിലെ മൂന്ന് ജീവനക്കാർ വെന്ത് മരിച്ചു. ഒരാൾക്ക് പൊള്ളലേറ്റു. ഇയാളുടെ നില ഗുരുതരമല്ല.
ഫോറസ്റ്റ് ട്രൈബൽ വാച്ചർ അതിരപ്പിളളി വാഴച്ചാൽ ആദിവാസി കോളനിയിലെ ദിവാകരൻ (43), താത്കാലിക വാച്ചർ പാലക്കാട് കൊടുമ്പ് എടവണവളപ്പിൽ വീട്ടിൽ കുഞ്ഞയ്യപ്പന്റെ മകൻ വേലായുധൻ (54), കൊടുമ്പ് സ്വദേശിയും താത്കാലിക വാച്ചറുമായ വട്ടപ്പറമ്പിൽ അയ്യപ്പന്റെ മകൻ ശങ്കരൻ (48) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് മൂന്നു പേരെയും മെഡിക്കൽ കോളേജിൽ എത്തിച്ചത്. ദിവാകരനും വേലായുധനും ആശുപത്രിയിലെത്തും മുമ്പേ മരിച്ചു. നൂറ് ശതമാനത്തോളം പൊള്ളലേറ്രിരുന്ന ശങ്കരനെ ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11.45 ഓടെ മരിച്ചു.
നിസാര പൊള്ളലേറ്റ ഗാർഡ് നൗഷാദിനെ ചെറുതുരുത്തിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശമംഗലം പഞ്ചായത്തിലെ പള്ളം കൊറ്റമ്പത്തൂരിലെ എച്ച്.എൻ.എൽ തോട്ടത്തിൽ ഇന്നലെ ഉച്ചയ്ക്കാണ് തീപിടിത്തമുണ്ടായത്. മുൾക്കാടുകളും കുറ്റിക്കാടുകളും യൂക്കാലിപ്സുകളും വൻമരങ്ങളും നിറഞ്ഞ ഇരുപതോളം ഏക്കറിലാണ് തീ പടർന്നത്. വനം വകുപ്പിലെ ഉദ്യോഗസ്ഥരായ 14 പേർ അടങ്ങുന്ന സംഘമാണ് തീയണയ്ക്കാൻ പുറപ്പെട്ടത്. ഫയർ ഫോഴിസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മൂന്ന് മണിക്കൂറോളം ശ്രമിച്ചെങ്കിലും തീ നിയന്ത്രിയ്ക്കാനായില്ല. അഞ്ചരയോടെ ശക്തമായ കാറ്റടിച്ചതോടെ തീ ആളിപ്പടർന്നു.ഇതിനിടെ ,വനം വകുപ്പ് ജീവനക്കാരുടെ ശരീരത്തിലേക്കും തീ പടർന്നു. പലരും കുഴഞ്ഞ് വീണു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും രാത്രി വൈകിയും തീയണയ്ക്കാനായില്ല. പള്ളിക്കൽ വനമേഖലയിൽ തീപിടിത്തം നിയന്ത്രിക്കാനായിട്ടില്ലെന്ന് തൃശൂർ ഡി.എഫ്.ഒ പറഞ്ഞു. പത്ത് കിലോമീറ്ററോളം ഉൾവനമായതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. ഷൊർണൂർ, വടക്കാഞ്ചേരി ഫയർ സ്റ്റേഷനുകളിൽ നിന്നായിരുന്നു രക്ഷാപ്രവർത്തനം. ജില്ലാ കളക്ടർ എസ്. ഷാനവാസ്, രമ്യ ഹരിദാസ് എം.പി തുടങ്ങിയവർ കൊറ്റമ്പത്തൂരിലെത്തി.
പ്രളയത്തിൽ 4 പേർ മരിച്ചിടത്ത് വീണ്ടും
കഴിഞ്ഞ പ്രളയകാലത്ത് മലയിടിഞ്ഞ് നാല് പേർ മരിച്ച കൊറ്റമ്പത്തൂരിലാണ് വീണ്ടും കാട്ടുതീയായി ദുരന്തമെത്തിയത്.
ഇപ്പോൾ വേനൽച്ചൂടാണ് വില്ലനായത്. കഴിഞ്ഞ ബുധനാഴ്ചയും ദേശമംഗലം വനത്തിൽ തീപിടിച്ചിരുന്നു.
കൊറ്റമ്പത്തൂരിൽ അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കും. അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ഉടൻ സഹായം ലഭ്യമാക്കും. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും.
- മന്ത്രി കെ.രാജു