അന്തിക്കാട്: സോമശേഖര ക്ഷേത്രത്തിനും ശ്രീനാരായണാശ്രമത്തിനുമെതിരെ വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢനീക്കത്തിനെതിരെ ശിവഗിരി ആശ്രമത്തിന്റെ ശക്തമായ ഇടപെലിന്റെ ഭാഗമായി സന്ന്യാസി സമ്മേളനവും മൗനപ്രദക്ഷിണവും നടന്നു. ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്തു. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിച്ചു. സന്ന്യാസി സമ്മേളനത്തിന് ശേഷം സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ കൂട്ടപ്രാർത്ഥനയും മൗനപ്രദക്ഷിണവും നടന്നു. പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി സദ്‌സ്വരൂപാനന്ദ, സ്വാമി തേജസ്വരൂപാനന്ദ സരസ്വതി, സ്വാമി അഭയാനന്ദ, എസ്.എൻ.ഡി.പി പെരിങ്ങോട്ടുകര യൂണിയൻ സെക്രട്ടറി കെ.സി. സതീന്ദ്രൻ, ക്ഷേത്രം വൈസ് പ്രസിഡന്റ് ഹണി കണാറ എന്നിവർ പ്രസംഗിച്ചു. വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ, ദേശപ്രതിനിധികൾ, മാതൃസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.