കൊടുങ്ങല്ലൂർ: പിതാവ് ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകാനെത്തിയ മകൾ പിതാവിന്റെ മരണം സ്ഥിരീകരിച്ച് മടങ്ങി. ഇന്നലെ രാവിലെ വടക്കേക്കര സ്റ്റേഷനിലായിരുന്നു സംഭവം. എറണാകുളം പഴമ്പിള്ളി തുരുത്തിൽ വെള്ളയിൽ വീട്ടിൽ ഫ്രാൻസിസിന്റെ (66) മൃതദേഹമാണ് മകൾ നീതു തിരിച്ചറിഞ്ഞത്. ഒരു വർഷം മുമ്പ് ഭാര്യ മരണപ്പെട്ട ശേഷം മകൾ നീതുവുമൊത്ത് താമസിച്ചു വരികയായിരുന്നു ഫ്രാൻസിസ്. തന്നെ ഉപദ്രവിക്കുന്നുവെന്ന് കാട്ടി ഇന്നലെ രാവിലെ വടക്കേക്കര സ്റ്റേഷനിൽ പരാതി കൊടുക്കാൻ പോയതായിരുന്നു മകൾ. ഈ സമയത്ത് കായലിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ വിവരം വടക്കേക്കര പൊലീസിൽ ലഭിച്ചു. ഇതുപ്രകാരം ലഭിച്ച ഫോട്ടോ മകളെ കാണിച്ചപ്പോഴാണ് മരിച്ചത് ഫ്രാൻസിസാണെന്ന് സ്ഥിരീകരിച്ചത്. ഇയാളുടെ ബന്ധുക്കൾ കൊടുങ്ങല്ലൂർ പൊലീസുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിച്ചു.