തൃശൂർ: കാറ്റിൽ തീ പടർന്നു പിടിച്ചതോടെ എല്ലാവരും ഓടി മാറുന്നതിനിടെ ദിവാകരനും വേലായുധനും ശങ്കരനും വള്ളി പടർപ്പിനുള്ളിൽ കുടുങ്ങുകയുമായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. മരിച്ചു കിടക്കുന്ന ഇവരുടെ ഫോട്ടോയിൽ കാലിൽ വളളി കുടുങ്ങിക്കിടക്കുന്നത് കാണാം. ആത്മാർത്ഥമായി ജോലി നിർവഹിച്ചിരുന്ന മൂന്നു പേരോടും വനംവകുപ്പിലെ ജീവനക്കാർക്ക് ഏറെ ഇഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ സഹപ്രവർത്തകരുടെ വിയോഗം ആർക്കും താങ്ങാനാവുന്നില്ല. രണ്ടുപേരും നിർദ്ധന കുടുംബാംഗങ്ങളുമാണ്.
കോട്ടയം വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ (എച്ച്. എൻ.എൽ) അക്കേഷ്യ കാട്ടിൽ കുറച്ച് ദിവസങ്ങളായി തീ പടർന്ന് പിടിച്ച സ്ഥിതിയിലായിരുന്നു. അത് അണയ്ക്കാൻ ശ്രമം നടന്ന് വരികയുമായിരുന്നു. ഇന്നലെ കാലത്ത് വടക്കാഞ്ചേരി ഡെപ്യൂട്ടി റേഞ്ചർ രതീഷിന്റെ നേതൃത്വത്തിലുള്ള 22 അംഗ സംഘമാണ് വനത്തിൽ പ്രവേശിച്ച് തീ അണച്ചത്. അടിക്കാട് പൂർണ്ണമായും കത്തിയമർന്നതിന് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് വനപാലകർ വീണ് കിടന്നതിന് സമീപം എത്താനായത്.
ഷൊർണൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ് സേന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിലും ഇവർക്ക് വനത്തിൽ പ്രവേശിക്കാനായില്ല. ഇരുട്ടും മറ്റ് ദുർഘട സാഹചര്യങ്ങളും രക്ഷാപ്രവർത്തനങ്ങൾ അതീവ ദുഷ്‌കരമാക്കി.
അതേസമയം, വലിയ തോതിൽ പുല്ലുകളും പാഴ്‌ച്ചെടികളും വളർന്ന് കിടക്കുന്ന പ്രദേശത്ത് കാട്ടുതീ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നതിലുണ്ടായ ശ്രദ്ധക്കുറവാണ് ദുരന്തത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ വർഷവും ഈ പ്രദേശത്ത് കാട്ടുതീ പടർന്നിരുന്നു.
കാട്ടുതീ ഇപ്പോഴും പൂർണമായും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല.
തീ അണയ്ക്കുന്നതിനായി വനംവകുപ്പിന്റെ ഫയർ റെസ് പോണ്ടർ വാഹനങ്ങൾ ഉൾപ്പടെയുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെത്തിയിരുന്നു. യു. ആർ പ്രദീപ് എം.എൽ.എയും സ്ഥലത്തെത്തി. ദുരന്തത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി എ.സി മൊയ്തീൻ കളക്ടറോട് ആവശ്യപ്പെട്ടു. ആവശ്യമായ ചികിത്സങ്ങൾ നൽകാൻ ആരോഗ്യവകുപ്പിനും നിർദേശം നൽകി. ഓട്ടുപാറ ആശുപത്രിയിലും സൗകര്യങ്ങൾ ഒരുക്കാൻ നിർദ്ദേശിച്ചു.
ധനസഹായം അനുവദിച്ചു
രണ്ടു പേരുടെ മരണാനന്തര ചടങ്ങുകൾക്കും പരിക്കേറ്റവരുടെ ആശുപത്രി ചെലവുകൾക്കുമായി അടിയന്തര ധനസഹായം അനുവദിച്ചതായി
മുഖ്യവനം മേധാവി പി.കെ കേശവൻ അറിയിച്ചു. മദ്ധ്യമേഖലാ സി.സി.എഫ് ദീപക് മിശ്ര. ഡി.എഫ്.ഒമാരായ എ. രഞ്ചൻ, എസ്.വി വിനോദ്, ത്യാഗരാജൻ, നരേന്ദ്രബാബു, സെൻട്രൽ സർക്കിൾ ടെക്നിക്കൽ അസി. സുർജിത്, വടക്കാഞ്ചേരി റേഞ്ച് ഓഫീസർ ഡൽട്ടോ എൽ. മറോക്കി എന്നിവർ സ്ഥലത്തെത്തി.