കാഞ്ഞാണി : പീടികമുറികൾ അറ്റകുറ്റപണികൾ നടത്തുന്നുവെന്ന പേരിൽ അനധികൃത കെട്ടിട നിർമ്മാണപ്രവർത്തനം കണ്ടശ്ശാംകടവിൽ തകൃതി. കാലപ്പഴക്കമുള്ള കെട്ടിടങ്ങളുടെ മേൽക്കൂര ട്രസ് അടിക്കുന്നുവെന്നതിന്റെ മറവിലാണ് കോൺക്രീറ്റ് നിർമ്മാണം ഉൾപ്പെടെ നടക്കുന്നത്. കോൺക്രീറ്റ് തൂണുകൾ അല്ലാതെ ഇരുമ്പ് തൂണുകൾ സ്ഥാപിച്ച് മേൽക്കൂര ട്രസ് അടിക്കാനും ഏതുസമയത്തും പൊളിച്ച് നീക്കാമെന്നുമുള്ള വ്യവസ്ഥയിൽ പഞ്ചായത്ത് അധികൃതർ താത്കാലിക അനുമതി നൽകിയിട്ടുണ്ടെന്നാണ് ഉടമകൾ പറയുന്നത്. ഇതിന്റെ മറവിലാണ് ട്രസ് അടിച്ച് കോൺക്രീറ്റ് നിർമ്മാണം നടത്തുന്നത്. മുൻവശം നിലനിറുത്തി ഉൾഭാഗങ്ങളിലും അതിനോട് ചേർന്ന് പിൻവശത്തും കിടക്കുന്ന കെട്ടിടത്തിന്റെ മുകളിലുമാണ് നിർമ്മാണം നടത്തിയത്. നിർമ്മാണം നടത്തുമ്പോൾ പാലിക്കേണ്ട എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് നിർമ്മാണം.
അവധി ദിനങ്ങളിലാണ് കൂടുതലും നിർമ്മാണം നടക്കുന്നത്. മണലൂർ പഞ്ചായത്തിനുള്ളിൽ വാടാനപ്പള്ളി ത്യശൂർ സംസ്ഥാനപാതയോരത്ത് കണ്ടശ്ശാംകടവിലും കാഞ്ഞാണിയിലും നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങൾക്കെല്ലാം ഏതുസമയത്ത് വേണമെങ്കിലും പൊളിച്ചുനീക്കാമെന്ന് കെട്ടിട ഉടമകളിൽ നിന്ന് എഴുതിവാങ്ങി താൽക്കാലിക നമ്പർ നൽകുന്നതും പതിവായിട്ടുണ്ട്. ഇതിനെതിരെ പരാതി നൽകിയാൽ അപകീർത്തിപ്പെടുത്താനും സമൂഹമദ്ധ്യത്തിൽ തേജോവധം ചെയ്യാനും ശ്രമമുണ്ട്. ഇതെല്ലാം വാടാനപ്പിള്ളി ത്യശൂർ സംസ്ഥാന പാതയുടെ വികസനത്തിന് തടസം സൃഷ്ടിച്ചിരിക്കുകയാണ്
............
പരാതി കിട്ടിയാൽ നടപടി എടുക്കും
ടി വി ശിവദാസ്
സെക്രട്ടറി മണലൂർ പഞ്ചായത്ത്
................
കെട്ടിട ഉടമ പഞ്ചായത്തിനെ സമീപിച്ചിരുന്നു. കോൺക്രിറ്റ് ബീം പണിയാനോ ബെൽറ്റ് വാർക്കാനോ പറഞ്ഞിട്ടില്ല. ഇരുമ്പ് തൂണിൽ മേൽക്കൂര ട്രസ് വർക്ക് ചെയ്യാൻ പറഞ്ഞിരുന്നു. അല്ലാതെ അടിത്തറയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനോ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ പറഞ്ഞിട്ടില്ല.
ജോമോൻ പള്ളിക്കുന്നത്ത്
17ാം വാർഡ് മെമ്പർ..