ദേശമംഗലം: കൊടുമ്പിലെ ഇടവഴികളിലൂടെ, മലയോരങ്ങളിലൂടെ തോളോടു തോൾ ചേർന്ന് എത്രകാലം നടന്നവരാണവർ. എടവണ വളപ്പിൽ വേലായുധനും കണ്ണങ്ങത്ത് വീട്ടിൽ അയ്യപ്പനും (68). അയൽക്കാരായ ആത്മ മിത്രങ്ങൾ. വേലായുധൻ ഫോറസ്റ്റ് വാച്ചർ. അയ്യപ്പൻ തേപ്പു പണിക്കാരൻ.
ദേശമംഗലം കൊറ്റമ്പത്തൂരിൽ കാട്ടുതീയിൽപ്പെട്ട് വേലായുധൻ വെന്തുനീറിയെന്ന് ടി.വി ചാനലുകളിൽ തെളിഞ്ഞപ്പോൾ അയ്യപ്പന് ഒരു നിമിഷം ഹൃദയം നിലച്ചപോലെയായി. വേച്ചുവേച്ച് വീടിനു പുറത്തിറങ്ങി. പിന്നാലെ ഭാര്യ മാതു ഓടിയെത്തി പറഞ്ഞു:
'' ഇപ്പോ എങ്ങട്ടും പോവല്ലേ..., അസുഖംണ്ട്ന്ന് മറക്കരുത്.'' ഒരു വർഷം മുൻപ് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതാണ്.
ഭാര്യയുടെ വാക്കുകൾ കൂട്ടാക്കാതെ അയ്യപ്പൻ നടന്നു. വഴിയോരത്തും കടകൾക്കു മുന്നിലും നിറയെ നാട്ടുകാർ. എല്ലാവരും വേദനയോടെ ആ വാർത്ത പങ്കുവയ്ക്കുന്നു. അപ്പോഴേക്കും ഭാര്യയെത്തി വീട്ടിലേക്ക് നിർബന്ധിച്ച് കൊണ്ടുവന്നു. തീരെ അവശനായിരുന്നു. വെള്ളം കൊടുത്തപ്പോൾ ശ്വാസം വലിക്കാൻ ബുദ്ധിമുട്ടി കുഴഞ്ഞു വീണു.
പന്തിയല്ലെന്ന് കണ്ട് നാട്ടുകാർ ഓട്ടുപാറ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലും. പക്ഷേ, അധികം വൈകാതെ അയ്യപ്പൻ വേലായുധന് പിറകേ ലോകം വിട്ടകന്നു. രണ്ടുപേരും അത്ര നല്ല സുഹൃത്തുക്കളായിരുന്നു. ഒരു ദിവസം കണ്ടില്ലെങ്കിൽ പരസ്പരം അന്വേഷിക്കും. കുശലം പറഞ്ഞ് ഒരുമിച്ചുള്ള നടത്തം മുടങ്ങിയാൽ ഇരുവർക്കും വിഷമമാണ്.
രണ്ട് വർഷമായി അയ്യപ്പന് ഹൃദ്രോഗമുണ്ട്. ബൈപാസ് ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലായി. വേലായുധനും ഹൃദ്രാേഗിയായിരുന്നു. ആൻജിയോപ്ളാസ്റ്റി നടത്തി. രോഗത്തിലും അങ്ങനെ അവർക്ക് സമാനതയുണ്ടായി.
'വേലായുധനൊപ്പം കാട്ടുതീയിൽ മരിച്ച വട്ടപ്പറമ്പിൽ ശങ്കരനുമായും നല്ല അടുപ്പമായിരുന്നു. ചിലപ്പോൾ മൂവരും ഒത്തുകൂടും".
കണ്ണീര് തുടച്ച് മാതു തുടർന്നു:
'' പന്ത്രണ്ട് കൊല്ലം മുൻപ് ബൈക്കപകടത്തിൽ എന്റെ മോൻ പോയി. ഇപ്പോ അവന്റെ അച്ഛനും...ഇനി വയ്യ...""
പെൺമക്കളായ ചന്ദ്രികയും ഇന്ദിരയും മരുമകൻ രാജനും സാന്ത്വനിപ്പിക്കാൻ നോക്കി. അപ്പോൾ അയ്യപ്പന്റെ ശവദാഹം കഴിഞ്ഞ് ബന്ധുക്കൾ വീട്ടിലേക്ക് കയറി വരുന്നുണ്ടായിരുന്നു. അവരെ നോക്കി മാതു വീണ്ടും വിങ്ങിപ്പൊട്ടി, '' ന്നെ ഒറ്റക്കാക്കി പോയീലോ...