മാള:രാജ്യത്തെ ബഹുഭൂരിപക്ഷം കർഷകരും നഷ്ടക്കണക്ക് മാത്രം പറയുമ്പോൾ മാളയിലെ ഈ യുവകർഷകൻ ജൈവ അരിയും പച്ചക്കറികളും ദുബായിലേക്ക് കയറ്റുമതി ചെയ്ത് നേടുന്ന ലാഭം പ്രതിവർഷം മൂന്ന് ലക്ഷത്തോളം രൂപ ! മാളയ്ക്കടുത്തുള്ള അമ്പഴക്കാട് സ്വദേശി രഞ്ജിത്ത് എന്ന മുപ്പത്തിയെട്ടുകാരൻ ഇപ്പോൾ നാട്ടിൽ താരമാണ്. അഞ്ച് വർഷം മുൻപ് ടൈൽസ് പണി ഉപേക്ഷിച്ച് തൂമ്പയെടുത്ത ഈ കർഷകന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മാളയിലെ നാച്വറൽ ബീറ്റ്സ് എന്ന സംഘടനയുടെ സഹായത്തോടെയാണ് കയറ്റുമതി.
50 സെന്റ് സ്ഥലത്ത് തുടങ്ങിയ ജൈവകൃഷി ഇന്ന് പതിമ്മൂന്ന് ഏക്കറിൽ എത്തി നിൽക്കുന്നു. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി. നെല്ലിന് പുറമേ വാഴ, മത്തങ്ങ, പാവയ്ക്ക, പടവലം, പയർ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ജൈവ ഉത്പന്നങ്ങൾക്ക് വില കൂടുതലായതിനാൽ നാട്ടിൽ ഡിമാൻഡില്ലെന്നും അതിനാലാണ് കയറ്റി അയയ്ക്കുന്നതെന്നും രഞ്ജിത് പറയുന്നു.
കൊയ്ത്ത് കഴിഞ്ഞ പാടത്ത് എള്ള്, പയർ, ചെറുപയർ, ഉഴുന്ന്, മത്തൻ, കുമ്പളം എന്നിവയും കൃഷി ചെയ്യും. കൃഷി വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ശ്രേയസ്, മണിരത്നം, മട്ടത്രിവേണി, ഹ്രസ്വ എന്നീ നെൽവിത്തുകളാണ്
കൃഷി ചെയ്യുന്നത്. 60 ശതമാനം തവിടുള്ള ജൈവ അരിക്ക് 70 രൂപയാണ് വിപണി വില. ശരാശരി അറുപതോളം രൂപ ഉത്പാദന ചെലവുണ്ട്. കയറ്റുമതിയിലൂടെ പ്രതിമാസം 25,000 രൂപ വരെ ലാഭം കിട്ടും. പ്രതിവർഷം 8000 കിലോയോളം അരി കയറ്റി അയയ്ക്കുന്നുണ്ടെന്ന് രഞ്ജിത്ത് പറയുന്നു. പച്ചക്കറി കയറ്റി അയച്ചു കിട്ടുന്ന ലാഭം വേറെ. രഞ്ജിത്തിന്റെ ഭാര്യ സൗമ്യ സ്വകാര്യ സ്ഥാപനത്തിൽ ഫാർമസിസ്റ്റാണ്. മകൻ അഭിരാം.
നാച്വറൽ ബീറ്റ്സ്
വിവിധ ജില്ലകളിലെ ജൈവ കർഷകരിൽ നിന്നുള്ള ഉത്പന്നങ്ങൾ സംഭരിച്ച് ദുബായിലേക്ക് കയറ്റി അയയ്ക്കുന്ന കൂട്ടായ്മയാണ് നാച്വറൽ ബീറ്റ്സ്. മാള സ്വദേശികളായ പ്രവീൺ കോട്ടവാതിൽ, ബിജീഷ് കൃഷ്ണൻ എന്നിവർ ചേർന്നാണ് മൂന്ന് വർഷം മുമ്പ് സംരംഭം തുടങ്ങിയത്. ദുബായിലെ ആയിരത്തോളം മലയാളി കുടുംബങ്ങളാണ് ഇവരുടെ ഉപഭോക്താക്കൾ. ഒന്നിടവിട്ട ദിനങ്ങളിൽ 800 കിലോയോളം പച്ചക്കറി കയറ്റി അയയ്ക്കുന്നുണ്ട്.ഇവർ അയയ്ക്കുന്ന ജൈവ അരിയിൽ 75 ശതമാനവും രഞ്ജിത്തിന്റേതാണ്. നിശ്ചിത വില ഈടാക്കി ഇവർ കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങിയാണ് കയറ്റുമതി ചെയ്യുക.
നടൻ ശ്രീനിവാസൻ അടക്കമുള്ളവർ സംഘടനയ്ക്ക് പിന്തുണയുമായുണ്ട്.
നെൽകൃഷിയിൽ സർവത്ര ജൈവം
ഒരേക്കറിൽ 25 കിലോഗ്രാം എന്ന കണക്കിൽ പയർ വിതച്ചുകൊണ്ടാണ് നെൽകൃഷിക്കായി നിലമൊരുക്കുക. നാല്പത് ദിവസം പിന്നിടുമ്പോൾ ചാണകപ്പൊടി, കോഴിക്കാഷ്ടം എന്നിവയിട്ട് നിലം പരുവപ്പെടുത്തും. ഇരുപ്പൂ കൃഷിയിൽ (ഒരു വർഷത്തിൽ രണ്ട് തവണ) ഒരു തവണ വിതയും ഒരു തവണ നടീലുമാണ്. നെല്ല് മുളച്ച് പൊന്തിയാൽ ചാണകവും ഗോമൂത്രവും പച്ചിലകളും ചേർന്ന ജൈവകീടനാശിനി പ്രയോഗിക്കും.
മക്കൾക്ക് വിഷം കലർന്ന ഭക്ഷണമാണ് നൽകുന്നതെന്ന് വായിച്ചും കേട്ടും അറിഞ്ഞാണ് ടൈൽ പണി ഉപേക്ഷിച്ച് ജൈവ കൃഷിയിലേക്ക് തിരിഞ്ഞത്. നെല്ല് കുത്തി അരിയാക്കുന്നത് നാട്ടിൽ തന്നെയാണ്. ഇന്നിപ്പോൾ മാസം 25,000 രൂപയോളം കൃഷിയിൽ നിന്ന് ലഭിക്കുന്നുണ്ട്.
-രഞ്ജിത്ത്