തൃശൂർ : കാട്ടു തീയെ പ്രതിരോധിക്കാൻ പ്രാരംഭ പ്രവർത്തനമായ ഫയർ ലൈൻ സ്ഥാപിക്കുന്നത് ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ചുരുക്കുന്നത് ദുരന്തത്തിന് ഇടയാക്കുന്നു. എല്ലാ വർഷവും ഫയർ ലൈൻ സ്ഥാപിക്കാറുണ്ടെങ്കിലും ഇത്തവണയത് വെട്ടിച്ചുരുക്കി. മുൻ വർഷത്തേക്കാൾ മൂന്നിലൊന്ന് സ്ഥലങ്ങളിൽ മാത്രമാണ് ഫയർ ലൈൻ സ്ഥാപിച്ചത്.
പല റേഞ്ചുകളിലും നാലും അഞ്ചും കിലോമീറ്ററിന്റെ കുറവാണ് ഉണ്ടായത്. ഇന്നലെ മൂന്നു വനപാലകർ കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വെന്തുമരിച്ച സംഭവത്തിൽ വനം വകുപ്പിന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. എച്ച്.എൻ.എല്ലിന് ലീസിന് കൊടുത്ത വനമേഖലയിലാണ് തീപിടിത്തമുണ്ടായതെന്ന് പറഞ്ഞ് തലയൂരാനാണ് വനം വകുപ്പ് ശ്രമിച്ചത്. കഴിഞ്ഞ വർഷങ്ങളിലും ഇവിടെ തീ പടർന്ന് പിടിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് അക്കേഷ്യ പ്ലാന്റേഷന് വേണ്ടിയാണ് എച്ച്.എൻ.എല്ലിനായി വനഭൂമി നൽകിയത്. എന്നാൽ നഷ്ടത്തിലായ എച്ച്.എൻ.എൽ ഇവിടെ നിന്നുള്ള ഉദ്പാദനം നിറുത്തി. ഇത് തിരിച്ചെടുക്കാൻ വനം വകുപ്പ് വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നും ആരോപണമുണ്ട്.
ഫയർ ലൈൻ
റോഡരികിൽ നിന്ന് തീ കാട്ടിലേക്ക് പടർന്ന് പിടിക്കാതിരിക്കാൻ ചെയ്യുന്ന പ്രതിരോധ സംവിധാനമാണ് ഫയർ ലൈൻ. റോഡിൽ നിന്ന് എതാനും മീറ്ററുകൾക്ക് അകലെ 5.6 അടി വീതിയിലാണ് ഫയർ ലൈൻ സ്ഥാപിക്കുന്നത്. ഫയർ ലൈനിലെ ചപ്പുചവറുകൾ നീക്കം ചെയ്ത് കത്തിക്കുകയാണ് പതിവ്. ഡിസംബറിൽ ടെൻഡർ വിളിച്ച് ജനുവരി മാസത്തോടെ ഫയർ ലൈൻ സ്ഥാപിക്കും. ഇത്തവണയും ഫയർ ലൈൻ സ്ഥാപിക്കൽ ആരംഭിച്ചെങ്കിലും നിരന്തര അപകട മേഖലയിൽ പോലും സ്ഥാപിക്കാൻ സാധിച്ചിട്ടില്ല.
ഫയർ ഗ്യാംഗും, വാച്ചർമാരും കുറവ്
ഫയർ ലൈൻ കുറച്ചതിന് പിന്നാലെ വാച്ചർമാരുടെയും ഫയർ ഗ്യാംഗിന്റെയും എണ്ണം കുറച്ചും ദുരന്തത്തെ ക്ഷണിച്ച് വരുത്തുകയാണ്. ഫയർ ലൈൻ സ്ഥാപിച്ച് കഴിഞ്ഞാൽ ആഴ്ചയിൽ രണ്ട് ദിവസം ഇതിലെ ചപ്പു ചവറുകൾ അടിച്ച് തീയിടണമെന്നാണ് നിയമം. എന്നാൽ ഇത് പലപ്പോഴും നടക്കുന്നില്ല. വേണ്ടത്ര വാച്ചർമാരെ നിയോഗിക്കാത്തത് കാരണം.
വേണ്ടത്ര പരിശീലനം ഇല്ല
കാട്ടുതീ തടയുന്നതിനായി വേണ്ടത്ര പരിശീലനം പോലും വനം വകുപ്പ് ജീവനക്കാർക്കും താത്കാലിക ജീവനക്കാർക്കും നൽകുന്നില്ല. വാട്ടർ കാൻ, ടോർച്ച്, ഫസ്റ്റ് എയ്ഡ് ബോക്‌സ് എന്നിവയാണ് നൽകുന്നത്. പല സ്ഥലങ്ങളിലും കാടുമായി ബന്ധമില്ലാത്തവരെയാണ് വാച്ചർമാരായി നിയമിക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.