forest-man-died

വനപാലകർക്ക് കണ്ണീരോടെ വിടചൊല്ലി നാട്

എരുമപ്പെട്ടി: ദേശമംഗലം കൊറ്റമ്പത്തൂരിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ മരിച്ച വനപാലകർക്ക് നാട്ടുകാരും സഹപ്രവർത്തകരും വനം വകുപ്പ് ഉദ്യോഗസ്ഥരും കണ്ണീരോടെ വിടനൽകി. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽ രണ്ടോടെ എത്തിച്ച മൃതദേഹം ഒരു നോക്കുകാണാനും അന്ത്യാേപചാരം അർപ്പിക്കാനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക നേതാക്കളും ഉൾപ്പെടെ നിരവധിപേർ എത്തി.

പൂങ്ങോട് ഫോറസ്റ്റ് ട്രൈബൽ വാച്ചർ വാഴച്ചാൽ ആദിവാസി കോളനിയിൽ ദിവാകരൻ, താത്കാലിക വാച്ചർമാരായ എരുമപ്പെട്ടി കൊടുമ്പ് ചാത്തൻചിറ കോളനിയിൽ വട്ടപ്പറമ്പിൽ ശങ്കരൻ, ഇടമനപ്പടി വേലായുധൻ എന്നിവരുടെ വേർപാട് താങ്ങാനാകാത്ത അവസ്ഥയിലായിരുന്നു സഹപ്രവർത്തകർ. വനം വകുപ്പ് ജീവനക്കാരനായ ദിവാകരനും താത്കാലിക ജീവനക്കാരനായ വേലായുധനും ആറു വർഷമായി ജോലിയിലുണ്ട്. താത്കാലിക ജീവനക്കാരനായ ശങ്കരനും പതിനഞ്ചു വർഷമായി പൂങ്ങോട് സ്റ്റേഷനിൽ ജോലിചെയ്തു വരുന്നു.

ദീർഘകാലമായി കാടുമായി ബന്ധമുണ്ട് ഇവർക്ക്. ആ അനുഭവസമ്പത്ത് ഉദ്യോഗസ്ഥർക്ക് വലിയ സഹായമായിരുന്നു. അതുകൊണ്ടു തന്നെ, ജ്യേഷ്ഠ സഹോദര സ്ഥാനത്തുള്ള മൂവരും ഇനിയില്ലായെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ പലർക്കും കഴിഞ്ഞിട്ടില്ല. വേലായുധന്റെയും ശങ്കരന്റെയും മൃതദേഹങ്ങൾ ജന്മനാടായ കൊടുമ്പിൽ പൊതുദർശനത്തിന് വച്ചു. നൂറുകണക്കിന് നാട്ടുകാർ അന്ത്യാഞ്ജലി അർപ്പിച്ചു. പിന്നീട് മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു. കണ്ണീരോടെ ഭാര്യയും മക്കളും കുടുംബാംഗങ്ങളും വിട നൽകി.

പള്ളത്തെ ശാന്തിതീരത്ത് വേലായുധന്റെയും ശങ്കരന്റെയും മൃതദേഹം സംസ്കരിച്ചു. വേലായുധന്റെ മകൻ സുബീഷും ശങ്കന്റെ മകൻ ശരത്തും ചിതയ്ക്ക് തീകൊളുത്തി. ദിവാകരന്റെ മൃതദേഹം സ്വന്തം സ്ഥലമായ പറമ്പിക്കുളത്തേക്ക് കൊണ്ടുപോയി. സ്വന്തം ജീവൻ ബലിയർപ്പിച്ച വനപാലകർക്ക് ആദരം അർപ്പിക്കാൻ സംസ്ഥാന വനം വകുപ്പ് മേധാവി പി.കെ കേശവൻ ഉൾപ്പെടെയുളളവർ എത്തിച്ചേർന്നു.