അശ്രദ്ധയോ, മന:പൂർവമോ ?
475 ഹെക്ടറിലെ 100 ഹെക്ടർ കത്തിയെന്ന് നിഗമനം
എരുമപ്പെട്ടി: മൂന്ന് വനം വകുപ്പ് ജീവനക്കാരുടെ ദാരുണാന്ത്യത്തിന് ഇടവരുത്തിയ തീപിടിത്തവുമായി ബന്ധപ്പെട്ട് വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
അപകടം സംഭവിച്ച പ്രദേശത്തെ 475 ഹെക്ടറോളം വരുന്ന വനഭൂമി വർഷങ്ങളായി ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനിയുടെ കൈവശത്തിലാണ്. ഇതിൽ 100 ഹെക്ടർ കത്തിയെന്നാണ് നിഗമനം. തീപിടിത്തത്തിന്റെ കാരണം മനുഷ്യ നിർമ്മിതമാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും പീച്ചി വൈൽഡ് ലൈഫ് വാർഡൻ എൻ. രാജേഷ് കേരള കൗമുദിയോട് പറഞ്ഞു.
സംഭവത്തിന് പിന്നിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനിയുടെ അനാസ്ഥയാണെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു. പേപ്പർ നിർമ്മാണത്തിനായി അക്കേഷ്യ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനാണ് കരാർ അടിസ്ഥാനത്തിൽ ഭൂമി വിട്ടു നൽകിയത്. നാല് വർഷം മുൻപ് മരങ്ങൾ മുറിച്ച് മാറ്റിയ കമ്പനി പിന്നീട് പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
ഇക്കാരണത്താൽ തന്നെ പ്രദേശത്ത് രണ്ടാൾ ഉയരത്തിൽ പുല്ലും പാഴ്ച്ചെടികളും വളർന്നു നിന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. എല്ലാ വേനലിലും കാട്ടു തീ തടയുന്നതിനായി വനം വകുപ്പ് അടിക്കാട് വെട്ടിത്തെളിച്ച് ഫയർ ലൈൻ നിർമ്മിക്കാറുണ്ട്. എന്നാൽ വിട്ടു നൽകിയ ഭൂമിയിൽ ഇത്തരം പ്രവർത്തനം നടത്തേണ്ടത് കമ്പനി നേരിട്ടാണ്. ഇക്കാര്യം കാട്ടി കമ്പനിക്ക് രണ്ട് തവണ വനം വകുപ്പ് കത്ത് നൽകിയെങ്കിലും ഇത് അവഗണിക്കുകയാണുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.