വെള്ളിക്കുളങ്ങര: ചൊക്കനയിൽ വീട്ടുമുറ്റത്ത് കാട്ടാനയെ കണ്ട് ഭയന്ന് ബോധരഹിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതി ഞായറാഴ്ച രാവിലെ മരിച്ചു. കൊഴപ്പ വീട്ടിൽ മുഹമ്മദാലിയുടെ ഭാര്യ റാബിയയാണ് (33) മരിച്ചത്. കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ ചൊക്കനയിലുള്ള പാഡിക്ക് സമീപം ശബ്ദം കേട്ട് ടോർച്ചടിച്ചു നോക്കിയപ്പോൾ കാട്ടാനയെ കണ്ട് കുഴഞ്ഞ് വീഴുകയായിരുന്നു.
മുഹമ്മദാലി ഹാരിസൺ എസ്റ്റേറ്റിൽ വാച്ചർ ജോലിക്ക് പോയതിനാൽ റാബിയയും നാല് മാസം പ്രായമായ കുഞ്ഞും മാത്രമാണ് പാടിയിലുണ്ടായിരുന്നത്. കുഴഞ്ഞ് വീണ റാബിയ മറ്റത്തൂർ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലും ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിലും ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം നടത്തി. ഇവർക്ക് നാല് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉണ്ട്.