ഗുരുവായൂർ: റെയിൽവേ മേൽപ്പാലം സ്ഥലമെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോഴും തർക്കങ്ങൾ തുടരുന്നു. ലാൻഡ് അക്വിസിഷൻ വകുപ്പിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഗുരുവായൂർ നഗരസഭയിൽ ചേർന്ന യോഗം തർക്കങ്ങളിൽ കലാശിച്ചു. മേൽപ്പാലം നിർമിക്കാൻ സ്ഥലം വിട്ടുകൊടുക്കുന്ന ഉടമകളും യോഗത്തിൽ പങ്കെടുത്തിരുന്നു. സ്ഥലത്തിന്റെ വിലയെ ചൊല്ലിയായിരുന്നു തർക്കം. സെന്റിന് എട്ടു ലക്ഷം രൂപയാണ് കളക്ടർ നിശ്ചയിച്ചിട്ടുള്ള ന്യായവിലയെന്ന് എൽ.എ തഹസിൽദാർ ടി. ബ്രീജ അറിയിച്ചു.

എന്നാൽ സെന്റിന് 12 ലക്ഷം രൂപ അനുവദിക്കാമെന്ന് നേരത്തെ കളക്ടറുടെ യോഗത്തിൽ തീരുമാനിച്ചിരുന്നുവെന്നാണ് സ്ഥലമുടമകളുടെ പക്ഷം. ഇതുപ്രകാരം സമ്മതപത്രം ഒപ്പിട്ടു നൽകിയിരുന്നുവത്രെ. 12 ലക്ഷം എങ്ങനെ എട്ടു ലക്ഷമായി കുറഞ്ഞുവെന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നാണ് സ്ഥലം ഉടമകളുടെ വാദം.

മേൽപ്പാലത്തിന്റെ നിലവിലെ അലൈൻമെന്റിനെതിരെയും സ്ഥലം ഉടമകൾ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ഉദ്ദേശിക്കുന്ന സ്ഥലത്തുനിന്നും തെക്കോട്ട് മാറി മേൽപ്പാലം പണിതാൽ വിവാദം ഉണ്ടാകില്ലെന്നും പുറമ്പോക്ക് ഭൂമിയായതിനാൽ സ്ഥലമെടുപ്പിന്റെ ചെലവ് കുറയ്ക്കാമെന്നുമാണ് സ്ഥലം ഉടമകൾ പറയുന്നത്. പഴയ രൂപരേഖ മാറ്റി പുതിയ സർവേ നടത്തിയിരുന്നു. ഇതുപ്രകാരമാണ് ഇന്നലെ യോഗം നടന്നത്. ഈ പുതിയ സർവേ പ്രകാരമുള്ള രൂപരേഖയും പുനഃപരിശോധിക്കണമെന്നാണ് സ്ഥലമുടമകളുടെ വാദം.

പഴയ രൂപരേഖയിൽ വിവിധ സ്ഥലം ഉടമകളുടെ 40 സെന്റ് സ്ഥലം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. അലൈൻമെന്റ് മാറ്റിയതോടെ ഏകദേശം 23 സെന്റ് സ്ഥലമാണ് ഇപ്പോൾ പുതുതായി ഏറ്റെടുക്കേണ്ടിവരിക. ഇനിയും അലൈൻമന്റ് മാറ്റുക പ്രായോഗികമല്ലെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. സ്ഥലം ഏറ്റെടുക്കലിന് മാത്രം ഏകദേശം രണ്ടു കോടി രൂപയോളം വേണ്ടിവരും.

നഗരസഭാ ചെയർപേഴ്‌സൺ എം. രതി അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, മുൻ വൈസ് ചെയർമാൻ കെ.പി. വിനോദ്,സ്ഥലം ഉടമകളായ ആർ.വി. മുഹമ്മദ്, ആർ.വി. ഖാലിദ്, പി.വി. മുഹമ്മദ് യാസിൻ, ആർ.വി. ബഷീർ, ഹാഷിം, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷൈലജ ദേവൻ, നിർമല കേരളൻ, കൗൺസിലർമാരായ ആന്റോ തോമസ്, പ്രിയ രാജേന്ദ്രൻ, ശ്രീദേവി ബാലൻ, അക്വിസിഷൻ ഇൻസ്‌പെക്ടർ കെ.എസ്. ലാലു,സർവേയർമാൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സ്ഥലം ഉടമകളുടെ വാദം

സെന്റിന് 12 ലക്ഷം രൂപ അനുവദിക്കാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഇതുപ്രകാരം സമ്മതപത്രം ഒപ്പിട്ടു നൽകിയിരുന്നു. 12 ലക്ഷം എങ്ങനെ എട്ടു ലക്ഷമായി കുറഞ്ഞു.? തെക്കോട്ട് മാറി മേൽപ്പാലം പണിതാൽ ഈ വിവാദമൊന്നുമില്ല. അവിടെ പുറമ്പോക്ക് ഭൂമിയുണ്ട്. സ്ഥലമെടുപ്പിന്റെ ചെലവ് കുറയ്ക്കുകയും ചെയ്യാം.

യോഗത്തിൽ

സെന്റിന് എട്ടു ലക്ഷം രൂപയാണ് കളക്ടർ നിശ്ചയിച്ചിട്ടുള്ള ന്യായവിലയെന്ന് എൽ.എ തഹസിൽദാർ

സെന്റിന് 12 ലക്ഷം രൂപ അനുവദിക്കാമെന്ന് കളക്ടറുടെ യോഗത്തിൽ തീരുമാനിച്ചെന്ന് സ്ഥലമുടമകൾ

തെക്കോട്ട് മാറി മേൽപ്പാലം പണിതാൽ വിവാദമുണ്ടാകില്ലെന്നും ചെലവ് കുറയ്ക്കാമെന്നും സ്ഥലം ഉടമകൾ

പുതിയ സർവേ പ്രകാരമുള്ള രൂപരേഖയും പുനഃപരിശോധിക്കണമെന്ന് സ്ഥലമുടമകൾ വാദിക്കുന്നു

ഏറ്റെടുക്കേണ്ടത്

23 സെന്റ് സ്ഥലം

ഏറ്റെടുക്കാൻ വേണ്ടത്

2 കോടി രൂപ

മേൽപ്പാലം പണിയാൻ

24 കോടിയുടെ എസ്റ്റിമേറ്റ്

വർഷങ്ങളുടെ കാത്തിരിപ്പ്

ഗുരുവായൂർ മേൽപ്പാലത്തിനുവേണ്ടി ഗുരുവായൂർവാസികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഒരു ദിവസം 36 തവണ റെയിൽവേ ഗേറ്റ് അടക്കുന്നതിനാൽ ഗുരുവായൂർ നഗരത്തിൽ ഗതാഗതക്കുരുക്ക് അഴിയുന്ന നേരമില്ല. 24 കോടി രൂപ ചെലവിട്ടാണ് മേൽപ്പാലം പണിയുന്നത്. 462 മീറ്റർ നീളവും 8.5 മീറ്റർ വീതിയുമുണ്ടാകും. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ തയ്യാറാക്കിയ രൂപരേഖ റെയിൽവേ അംഗീകരിച്ചിട്ടുണ്ട്. സ്ഥലമെടുപ്പ് പൂർത്തിയായി വരുന്നു, കഴിഞ്ഞാലുടൻ നിർമാണം തുടങ്ങും.