കുന്നംകുളം: പോർക്കുളം പഞ്ചായത്ത് യോഗത്തിൽ നിന്നും യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ഓഫീസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജ്യോതിഷിനെ അപേക്ഷ ക്ഷണിക്കാൻ തീരുമാനിക്കാതെയും നോട്ടീസ് ബോർഡിൽ പരസ്യപ്പെടുത്താതെയും സി.പി.എം തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷ വയ്പിച്ച് നിയമ വിരുദ്ധമായി താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കാൻ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചത് നിയമ വിരുദ്ധവും അഴിമതിയുമാണെന്ന് ആരോപിച്ചാണ് ആറ് പ്രതിപക്ഷ അംഗങ്ങൾ സമരം നടത്തിയത്. പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മകളെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനിച്ചതും വലിയ പ്രതിഷേധത്തിന്ന് ഇടയാക്കിയിരുന്നു. തുടർച്ചയായി അനധികൃത നിയമനങ്ങൾ നടത്താൻ എടുത്ത തീരുമാനങ്ങൾ വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കുന്നതിന്ന് വേണ്ടി സി.പി.എമ്മിന്റെ തീരുമാനത്തിന്റ ഭാഗമാണെന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. പ്രതിഷേധത്തിൽ പഞ്ചായത്ത് അംഗങ്ങളായ കെ.എം. പ്രമോദ്, കെ. ഷൈലജ, കെ.പി. ജയപ്രകാശ്, അംബിക മണിയൻ, കവിത പ്രേംരാജ്, അഡ്വ. കെ. രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.