ചെറുതുരുതുത്തി: ഞായറാഴ്ച കാട്ടു തീപടർന്ന കുറിഞ്ഞാക്കൽ മലയുടെ മറുഭാഗത്ത് പള്ളിക്കര മേഖലയിൽ ഇന്നലെ വീണ്ടും തീ പടർന്നു. പകൽ പന്ത്രണ്ടോടെയായിരുന്നു തീപിടിത്തം. ഫയർഫോഴ്‌സും വനപാലകരും സ്ഥലത്ത് എത്തിയെങ്കിലും മുകളിലേക്ക് കയറാനാവാത്ത സ്ഥിതിയായിരുന്നു.

ചാലക്കുടി വനംവകുപ്പിന് പുതുതായി ലഭിച്ച മിനി ഫോറസ്റ്റ് ഫയർ റെസ്‌പോൻഡർ വാഹനം എത്തിച്ച് തീ അണച്ചു.

ഇതിലേക്ക് ഫയർഫോഴ്സിന്റെ വലിയവണ്ടിയിൽ നിന്ന് വെള്ളവും അടിച്ചുകൊടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്‌സും നേതൃത്വം നൽകി. പൊക്ളിൻ കൊണ്ടുവന്ന് ഫയർലൈനുകൾ ശരിയാക്കി. ജനവാസ മേഖലകളിലേക്ക് തീ പടരാതിരിക്കാനുള്ള പ്രവർത്തനം നടത്തി. മദ്ധ്യമേഖല സി.സി.എഫ് ദീപക് മിശ്ര,​ ഡി എഫ് ഒമാരായ എ. രഞ്ചൻ, എസ്.വി വിനോദ് , ത്യാഗരാജൻ, നരേന്ദ്രബാബു, സെൻട്രൽ സർക്കിൾ ടെക്‌നിക്കൽ അസി. സുർജിത്, വടക്കാഞ്ചേരി റേഞ്ച് ഓഫീസർ ഡൽട്ടോ എൽ. മറോക്കി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.