തൃശൂർ: പൊലീസ് അക്കാഡമിയിൽ നിന്നു വെടിയുണ്ടകൾ കാണാതായെന്ന സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തൽ തെറ്റാണെന്നും വെടിയുണ്ടകൾ കാണാതായിട്ടില്ലെന്നും ഇത് സംബന്ധിച്ച് വിശദീകരണം നൽകിയിട്ടുണ്ടെന്നും പൊലീസ് അക്കാഡമി ഡയറക്ടർ എ.ഡി.ജി.പി ബി. സന്ധ്യ പറഞ്ഞു.
തൃശൂരിൽ പൊലീസ് അക്കാഡമിയിലെത്തിയ അവർ, മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. പൊലീസ് അക്കാഡമിയിൽ പരിശീലനത്തിലുള്ള ഉദ്യോഗാർത്ഥികൾക്കുള്ള പുതിയ ഭക്ഷണ മെനുവിൽ നിന്നു ബീഫും മട്ടണും ഒഴിവാക്കിയെന്ന വിവാദം മാദ്ധ്യമങ്ങളുണ്ടാക്കിയതാണ്. അക്കാഡമി തയ്യാറാക്കിയതല്ല, ഭക്ഷണ ഇനങ്ങൾ. ഉദ്യോഗാർത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിന് വിദഗ്ദ്ധർ നിർദ്ദേശിച്ചതാണ് ഉൾപ്പെടുത്തിയത്. ബീഫ് മാത്രമല്ല, മട്ടണും പുതിയ മെനുവിൽ ഇല്ല. അതിൽ ബീഫ് മാത്രം വിവാദത്തിലേക്ക് എടുത്തതിനു പിന്നിൽ മാദ്ധ്യമങ്ങളാണ്. ഓരോ ക്യാമ്പുകളിലുള്ളവർക്കും ഇഷ്ടങ്ങളനുസരിച്ച് ഭക്ഷണത്തിൽ മാറ്റം വരുത്താം. പൊലീസ് അക്കാഡമിയിൽ ബീഫ് അടക്കമുള്ളവയ്ക്കൊന്നും വിലക്കുകളോ നിരോധനങ്ങളോ ഇല്ലെന്നും എ.ഡി.ജി.പി പറഞ്ഞു.