തൃശൂർ: ദേശമംഗലം കൊറ്റമ്പത്തൂർ വനമേഖലയിൽ തീപിടിത്തത്തിൽ മൂന്ന് വനപാലകർ വെന്തു മരിച്ച സംഭവത്തിൽ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 7.5 ലക്ഷം രൂപയുടെ നഷ്ടപരിഹാരം അപര്യാപ്തമാണെന്നും 25 ലക്ഷം രൂപ വീതം നൽകാനും ആശ്രിതർക്ക് സർക്കാർ ജോലി നൽകാനും സർക്കാർ തയ്യാറാകണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ: അനീഷ് കുമാർ ആവശ്യപെട്ടു. താത്കാലിക ജീവനക്കാരായത് കൊണ്ട് സർക്കാർ ഇപ്പോൾ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരമല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നും അവരുടെ കുടുംബത്തിന് ലഭിക്കില്ല. ഹരിയാനയിൽ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തോടും, എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെയും എം.എൽ.എ ആയിരുന്ന രാമചന്ദ്രൻ നായരുടെയും കുടുംബത്തോടും വളരെ ഉദാരമായ സമീപനം സ്വീകരിച്ച സർക്കാർ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ മരിച്ച വനപാലകരോട് വിവേചനം കാണിക്കരുതെന്നും അനീഷ്‌കുമാർ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ വീടുകൾ അദ്ദേഹം സന്ദർശിച്ചു.