തൃശൂർ: കഴിഞ്ഞ വർഷങ്ങളിലെപ്പോലെ തന്നെ ഈ വർഷത്തെ തൃശൂർ പൂരവും തനതു പ്രൗഢിയോടും വർണ്ണാഭമായ ചടങ്ങോടും കൂടി നടത്തുന്നതിന് സെക്രട്ടറിയേറ്റിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചതായി കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ അറിയിച്ചു. തൃശൂർ പൂരം സംബന്ധിച്ച് വെടിക്കെട്ട് , ആനയെഴുന്നള്ളിപ്പ്, തിരക്ക് നിയന്ത്രണം എന്നിവ സംബന്ധിച്ച് ചർച്ച നടത്തുകയും മുൻ വർഷത്തെ പോലെ തന്നെ വർണ്ണാഭമായി ചടങ്ങുകൾ നടത്തുവാനും യോഗം തീരുമാനിച്ചു.
ഉത്രാളിക്കാവ് പൂരത്തെ സംബന്ധിച്ചും ചർച്ചകൾ നടത്തുകയും യഥാവിധി മറ്റു പൂരങ്ങളെല്ലാം തടസമില്ലാതെ നടത്തുന്നതിനും തീരുമാനമെടുത്തു. കൂടുതൽ തീരുമാനം എല്ലാ പ്രതിനിധികളെയും വിളിച്ചു ജില്ലാ തലത്തിൽ ചേരുന്ന യോഗത്തിൽ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കൃഷിമന്ത്രിയുടെ അദ്ധ്യക്ഷതയിലായിരുന്നു ഉന്നതതല യോഗം കൂടിയത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.സി മൊയ്തീൻ, അനിൽ അക്കര എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് , തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ്മാർ, പെസോ, തൃശൂർ ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ തുടങ്ങിയവർ പങ്കെടുത്തു.