വെള്ളിക്കുങ്ങര: മറ്റത്തൂർകുന്ന് പഞ്ചായത്തിലെ മലയോരമേഖലയിൽ കാട്ടാനശല്യം വർദ്ധിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ. നിരവധിപേർക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റിരുന്നുവെങ്കിലും മരണമെത്തുന്നത് ആദ്യമായി.

ചൊക്കനയിൽ വീട്ടുമുറ്റത്ത് കാട്ടാനയെ കണ്ട് ഭയന്ന് ബോധരഹിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കൊഴപ്പ വീട്ടിൽ മുഹമ്മദാലിയുടെ ഭാര്യ റാബിയയാണ് (33) കഴിഞ്ഞ ദിവസം രാവിലെ മരിച്ചത്. കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ ചൊക്കനയിലുള്ള പാഡിക്ക് സമീപം ശബ്ദം കേട്ട് ടോർച്ചടിച്ചു നോക്കിയപ്പോൾ കാട്ടാനയെ കണ്ട് കുഴഞ്ഞ് വീഴുകയായിരുന്നു.

വീട്ടുമുറ്റത്ത് വരെ എത്തുന്ന കാട്ടാനകളാൽ ഏതുനിമിഷവും ആക്രമിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ഹാരിസൺ മലയാളം എസ്റ്റേറ്റിലെ തൊഴിലാളികളുടെ കുടുംബങ്ങൾ പറയുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടാനകൾ ജനവാസമേഖലകളിൽ മേയാനെത്തുകയാണ്. ആനയെ കണ്ട് പേടിച്ച് യുവതി വീണതിന്റെ പിറ്റേദിവസം രാവിലെയും ആന പാടിക്ക് സമീപമെത്തിയതായി സമീപവാസികൾ പറഞ്ഞു. തുടർന്ന് ഉച്ചക്ക് 12 മണിയോടെയാണ് ആനയെ കാട്ടിലേക്ക് അയക്കാൻ സാധിച്ചത്. കൃഷി നശിപ്പിക്കുന്നതും പതിവാണ്. ആന ഭയത്തിൽ തൊഴിലാളികൾ ജോലിക്ക് പോകാത്ത അവസ്ഥയുമുണ്ട്.

പോംവഴിയും പ്രതിഷേധവും

നായാട്ടുകുണ്ട് മുതൽ ചക്കി പറമ്പ് വരെ വനാതിർത്തിയിൽ കിടങ്ങുകൾ സ്ഥാപിച്ചാൽ കാട്ടാനകളെ തടയാമെന്നും, മുൻപുണ്ടായിരുന്ന കിടങ്ങുകൾ നികന്നതാണെന്നും പ്രദേശവാസികൾ പറഞ്ഞു. കാട്ടാന ശല്യം വർദ്ധിച്ചതോടെ മലയോര കർഷകർ വിവിധ വനംവകുപ്പ് ഓഫീസുകളിലെത്തി പ്രതിഷേധിച്ചിരുന്നു.

ജനുവരി 24ന് കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ അച്ഛനും മകളും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കരുവാൻ തൊടി വീട്ടിൽ രാജനും (49) മകൾ കൃഷ്ണപ്രിയക്കുമാണ് (22) കാട്ടാനയുടെ അടിയേറ്റ് താഴെ വീണ് പരിക്കേറ്റത്. പത്തരക്കുണ്ടിൽ പഴയ ട്രാംവേ ലൈനിലൂടെ റോഡിലേക്ക് വന്നിരുന്ന കാട്ടാനക്കൂട്ടത്തിന് മുൻപിൽ പെടുകയായിരുന്നു ഇവർ.

2019 ഫെബ്രുവരി 22ന് കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു. ശാസ്താംപൂവം കാടർ കോളനിയിലെ താമസക്കാരായ വിജയന്റെ ഭാര്യ വിജി (39), ബന്ധുവായ മനോജ് (27) എന്നിവർക്കാണ് ആന കൂട്ടത്തിന്റെ ചവിട്ടും കുത്തുമേറ്റത്. വനവിഭവങ്ങൾ ശേഖരിച്ച് തിരിച്ചു വരുന്നതിനിടെ ചൊക്കന മൂക്കണാം കുന്ന് എന്ന സ്ഥലത്ത് വച്ചായിരുന്നു ആക്രമണം. ആന കൂട്ടത്തെ കണ്ട് ഭയന്ന് വീണ വിജിക്ക് ആനയുടെ ചവിട്ടേറ്റ് കാൽ ഒടിയുകയും, കാലിലെ മാംസം അടർന്ന് പോകുകയും ചെയ്തിരുന്നു.

2019 ജൂൺ 26ന് കോടാലി മുപ്ലിയിൽ കാട്ടാനയുടെ മുമ്പിൽ പെട്ട സ്ത്രീ പരിക്കുളോടെ രക്ഷപ്പെട്ടു. കുണ്ടായി ഹാരിസൻ മലയാളം എസ്‌റ്റേറ്റിലെ തൊഴിലാളിയായ നബിയാംകുളം പാത്തുമ്മയാണ് (55) ആനയുടെ മുന്നിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. താളുപ്പാടം മുപ്ലി റോഡിൽ വനപാലകർക്കായി നിർമിച്ച ക്വാർട്ടേഴ്‌സിനു സമീപത്താണ് അപകടമുണ്ടായത്. ആനയെ കണ്ട് പേടിച്ച അസറുദീൻ ബൈക്ക് നിറുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വണ്ടി വീണു. കൈക്കും മുഖത്തും പാത്തുമ്മക്ക് പരുക്കേറ്റു.

2018 ജൂലായ് 7ന് മുപ്ലിയിൽ തലനാരിഴക്കാണ് കാട്ടാനയെടുത്തെറിഞ്ഞ ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. മറ്റത്തൂർ പഞ്ചായത്തിലെ മുപ്ലിയിൽ രാത്രി പത്തരയോടെയാണ് സംഭവം. പുത്തൻചിറ സ്വദേശി വെള്ളൂർ സലീമിന്റെ മകൻ ഫിറോസാണ് (25) അത്ഭുതകരമായി രക്ഷപ്പെട്ടത്. ഫിറോസിനെ എടുത്ത് ചുഴറ്റിയെറിയുകയായിരുന്നു. എന്നാൽ ആനക്ക് പിടിത്തം കിട്ടിയ ഉടുമുണ്ടഴിഞ്ഞതോടെ ഏറിന്റെ ശക്തി കുറഞ്ഞതിനാൽ മാത്രമാണ് രക്ഷപ്പെട്ടത്.

മൂന്ന് വർഷം മുമ്പ് മേയിൽ മുപ്ലിയിൽ ആരംഭിച്ച കാട്ടാനശല്യം മറ്റത്തൂർ പഞ്ചായത്തിലെ പോത്തംചിറ, താളുപ്പാടം, കാരിക്കടവ്, ഇഞ്ചക്കുണ്ട്, പരുന്തുപാറ, പത്തുകുളങ്ങര, അമ്പനോളി, നായാട്ടുകുണ്ട്, ചൊക്കന, ഹാരിസൻ മലയാളം പ്ലാന്റേഷൻ, വെള്ളിക്കുളങ്ങര, പുത്തനോളി, താളുപാടം, കുറിഞ്ഞി പാടം, വെള്ളിക്കുളങ്ങര മിച്ചഭൂമി തുടങ്ങിയ മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു. വാഴ, കവുങ്ങ്, തെങ്ങ്, പ്ലാവ് എന്നിവയാണ് നശിപ്പിക്കുന്നത്. നാട്ടുകാർ ഒത്തുകൂടി പടക്കം പൊട്ടിച്ചും തീ കത്തിച്ചും ആനകളെ ഓടിക്കുകയാണ് ചെയ്യുന്നത്.

വില്ല്കുന്ന് മലയിൽ തമ്പടിച്ചാണ് ആനകൾ സമീപപ്രദേശങ്ങളിലേക്ക് രാത്രികാലങ്ങളിൽ എത്തുന്നത്. പറമ്പുകളിൽ ചെയ്യുന്ന കൃഷികൾ കാട്ടാനകൂട്ടമിറങ്ങി നശിപ്പിക്കുന്നതിൽ നിരാശയിലാണ് കർഷകർ.