തൃശൂർ: കൊറോണ വൈറസുമായി ബന്ധപ്പെട്ട് കുട്ടികൾക്കും മാതാപിതാക്കൾക്കുമുള്ള ആശങ്കകൾ അകറ്റുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ജില്ലാ ആരോഗ്യ വിഭാഗം. നിരീക്ഷണത്തിൽ കഴിയുന്ന കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി സ്‌കൂളിലെ എല്ലാ അദ്ധ്യാപകർക്കും പി.ടി.എ ഭാരവാഹികൾക്കും മാതാപിതാക്കൾക്കുമായി ബോധവത്കരണം നടത്തും.
എന്താണ് കൊറോണ വൈറസ്, എങ്ങനെ പകരുന്നു എന്നതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന സംസാരിച്ചു. 40 സ്‌കൂളുകളിൽ നിന്നുള്ള അദ്ധ്യാപകർ യോഗത്തിനെത്തി. ഡെപ്യൂട്ടി കളക്ടർ എം.സി. റെജിൽ അദ്ധ്യക്ഷനായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ടി.വി. സതീശൻ, ആർദ്രം അസിസ്റ്റന്റ് നോഡൽ ഓഫീസർ എം.എസ്. റാണ, മാസ് മീഡിയ ഓഫീസർ പി.എ. ഹരിത ദേവി തുടങ്ങിയവർ പങ്കെടുത്തു.
നിർദ്ദേശങ്ങൾ
പി.എച്ച്.സികളുടെ സേവനം ബോധവത്കരണത്തിന് ഉപയോഗപ്പെടുത്തും
അടിയന്തര ഘട്ടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ സ്വീകരിക്കണം
നിരീക്ഷണശേഷം സ്‌കൂളിലെത്തുമ്പോൾ പിന്തുണ അധികൃതർ ഉറപ്പാക്കണം
മറ്റുള്ള കുട്ടികളിൽ നിന്നും മാറ്റി നിറുത്തപ്പെടുന്ന അവസ്ഥ ഉണ്ടാവരുത്
പഠനവും പരീക്ഷകളുമായി ബന്ധപ്പെട്ട് പേടിപ്പെടുത്തുന്ന കാര്യങ്ങളുണ്ടാകരുത്