വാടാനപ്പിള്ളി: ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തളിക്കുളത്ത് നടത്തിയ മിന്നൽ പരിശോധനയിൽ പത്താം കല്ലിലെ ഗാർഡൻ ഫ്രഷ് കൂൾബാറിൽ നിന്ന് ഒരു മാസം പഴക്കമുള്ള പാൽ, പൂപ്പൽ നിറഞ്ഞ പപ്പായ, ശുചിത്വമില്ലാത്ത സാഹചര്യത്തിൽ വില്പനയ്ക്ക് വച്ച ജ്യൂസ് എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഉത്പന്നങ്ങൾ നശിപ്പിക്കുകയും ശീതള പാനീയങ്ങളുടെയും പഴങ്ങളുടെയും വിൽപ്പന നിറുത്തിവയ്പ്പിക്കുകയും ചെയ്തതായി ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. ഹനീഷ് കുമാർ അറിയിച്ചു. എന്നാൽ സ്ഥാപനത്തിൽ പച്ചക്കറി വിൽപ്പന തുടരാൻ അനുവദിച്ചു.
സമീപത്തെ നസീബ് ഹോട്ടൽ പരിശോധനയെ തുടർന്ന് അടപ്പിച്ചു. ഈ ഹോട്ടൽ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. തൊഴിലാളികൾക്ക് ഹെൽത്ത് കാർഡും ഉണ്ടായിരുന്നില്ല. മാലിന്യ സംസ്കരണ സംവിധാനവും പുകവലി മുന്നറിയിപ്പ് ബോർഡും ഇല്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. പരിശോധനയിൽ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. ഹനീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.എ. ജിതിൻ, പി.എം. വിദ്യാസാഗർ എന്നിവർ പങ്കെടുത്തു.