പുതുക്കാട്: മാസങ്ങൾക്ക് ശേഷം വ്യാജ ചികിത്സാ കേന്ദ്രങ്ങൾ വീണ്ടും സജീവം. സർക്കാർ നിർദേശ പ്രകാരം ജില്ലയിൽ കഴിഞ്ഞ വർഷം വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഒട്ടേറെ വ്യാജ ഡോക്ടർമാരെ പിടികൂടിയിരുന്നു. പിന്നീട് പല സമ്മർദ്ദത്താൽ തുടർ നടപടികൾ നിറുത്തിവയ്ക്കുകയായിരുന്നു.
മാസങ്ങൾ ക്കു ശേഷം ഇത്തരം കേന്ദ്രങ്ങൾ വീണ്ടും തുടങ്ങിയിരിക്കുകയാണ്. പൈൽസ്, ഫിഷർ, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങൾ ഓപറേഷൻ കൂടാതെ സുഖപെടുത്തുമെന്നുള്ള പോസ്റ്ററുകൾ നാടുനീളെ വ്യാപകമായി. മുൻപ് ബംഗാളികളായ വ്യാജന്മാർ മൂലക്കുരുവിന് ചികിത്സയുമായി കേരളത്തിലെത്തിയിരുന്നു. ഇവർ നൽകുന്നത് അലോപ്പതി മരുന്നുകളാണ്. ഓപറേഷൻ കൂടാതെ സുഖപെടുത്തുമെന്നുള്ള പ്രചരണമാണെങ്കിലും അനസ്തേഷ്യവരെ നൽകി അത്യാവശ്യം പൊടിക്കൈകൾ വരെ ഇവർ നടത്തുന്നു. ആദ്യം പിതാവ് വന്നു. ചികിത്സ പച്ചപിടിച്ചതോടെ മക്കളുമെത്തി മറ്റിടങ്ങളിൽ ക്ലിനിക്കുകൾ സ്ഥാപിച്ച ചരിത്രമാണ് ഇവരുടേത്. ഒറിജണൽ ഡോക്ടർമാരുടെതിനെ വെല്ലുന്ന സജ്ജീകരണങ്ങളാണ് ക്ലിനിക്കുകളിൽ. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളികളാണ് ബംഗാളി വ്യാജ ഡോക്ടർമാരുടെ ചികിത്സ തേടുന്നത്. നാട്ടിലുള്ള ബംഗാളി തൊഴിലാളികളാരും ഇത്തരം ഡോക്ടർമാരുടെ അടുത്ത് ചികിത്സ തേടി പോകുന്നില്ല. വാടക കെട്ടിടങ്ങളിൽ ആരംഭിച്ച പലരുടെയും ക്ലിനിക്കുകൾ ഇപ്പോൾ സ്വന്തം കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. പലരുടെയും വിദ്യാഭ്യാസ യോഗ്യത പത്താംതരമാണ്. കുത്തിവെപ്പും മരുന്ന് വെക്കലും ഓപ്പറേഷനും ഇവർ നടത്തുന്നുണ്ട്. ഇവരുടെ ചികിത്സ ഫലപ്രദമാവുന്ന ലക്ഷണമാണ് ഇവരെ തേടിയെത്തുന്ന രോഗികളുടെ എണ്ണം സൂചിപ്പിക്കുന്നത് .