കൊടുങ്ങല്ലൂർ: എറിയാട്ടെ കൃഷിനിലങ്ങളിൽ പൊന്ന് വിളയിക്കാൻ ഇനി കാർഷിക കർമ്മസേനയും. പഞ്ചായത്തിലെ കാർഷിക പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് കാർഷിക കർമ്മസേന രൂപീകരിക്കുന്നത്. കർഷകരുടെ ആവശ്യത്തിനായി കുറഞ്ഞ നിരക്കിൽ സഹായങ്ങൾ ചെയ്തു കൊടുക്കുക എന്നതാണ് ലക്ഷ്യം.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിൽ 297 കാർഷിക കർമ്മ സേനകളാണ് നല്ലരീതിയിൽ പ്രവർത്തനം കാഴ്ച വയ്ക്കുന്നത്. പുതിയ ഒരു കാർഷിക കർമ്മസേന രൂപീകരിക്കുന്നതിന് ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇവർക്ക് കൃഷിപ്പണികൾ ചെയ്യുന്നതിനും യന്ത്ര സാമഗ്രികൾ ഉപയോഗിക്കുന്നതിനും പരിശീലനം നൽകും.
യൂണിഫോം, യന്ത്രസാമഗ്രികൾ എന്നിവ ലഭ്യമാക്കി സുഗമമായ പ്രവർത്തനത്തിന് 9 ലക്ഷം രൂപ വരെയാണ് സംസ്ഥാന കൃഷി വകുപ്പ് നൽകുന്നത്. മെച്ചപ്പെട്ട വരുമാനവും, മെച്ചപ്പെട്ട ആദായവും ലഭ്യമാക്കാൻ കാർഷിക കർമ്മസേനകളുടെ രൂപീകരണത്തിലൂടെ സാധിക്കുമെന്നാണ് കൃഷി വകുപ്പിന്റെ വിലയിരുത്തൽ.
സംസ്ഥാനത്തുള്ളത് 297 കാർഷിക കർമ്മസേന യൂണിറ്റുകൾ
പുതിയ യൂണിറ്റിന് സർക്കാർ അനുവദിക്കുന്ന തുക 1 ലക്ഷം രൂപ
സുഗമ പ്രവർത്തനത്തിന് കൃഷിവകുപ്പ് നൽകുന്നത് 9 ലക്ഷം രൂപ വരെ
സേനയിൽ അംഗമാകാൻ
18 മുതൽ 55 വരെ പ്രായമുള്ളവർക്ക് കാർഷിക കർമ്മസേനയിൽ അംഗമാകാം. പഞ്ചായത്തിലെ സ്ഥിരതമാസക്കാരാകണം. 25 പേരടങ്ങുന്ന ടീമായിരിക്കും ഇത്. വി.എച്ച്.എസ്.ഇ. അഗ്രിക്കൾചർ കോഴ്‌സ് കഴിഞ്ഞവർക്കും കാർഷിക ജോലികളിൽ താത്പര്യമുള്ളവർക്കും മുൻഗണന. അംഗമാകാൻ താത്പര്യമുള്ളവർ നിശ്ചിത അപേക്ഷാ ഫോറത്തിൽ, റേഷൻ കാർഡ് പകർപ്പ്, വിദ്യാഭ്യാസ യോഗ്യത ,വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 22 നകം കൃഷിഭവനിൽ അപേക്ഷ നൽകണം.
സേനയുടെ സൂപ്പർവൈസറാകാനും അവസരമുണ്ട്. വി.എച്ച്.എസ്.ഇ അഗ്രി/ഐ.ടി.ഐ/ഐ.ടി.സി യോഗ്യത കൂടാതെ ഡ്രൈവിംഗ് ലൈസൻസ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ കൂടി വേണം.
അംഗമായാൽ
ട്രാക്ടർ, ടില്ലർ,പുല്ല് വെട്ടൽ യന്ത്രം എന്നിവ പ്രവർത്തിപ്പിക്കാൻ പ്രത്യേക പരിശീലനം
കർമസേനയിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് പ്രത്യേക ആനുകൂല്യത്തോടെ സഹായം
കാർഷിക കർമ്മസേനയിലെ അംഗങ്ങൾക്ക് 6000 രൂപ ഓണറ്റേറിയമായി നൽകും
വിശദ വിവരങ്ങൾക്ക് ഫോൺ: 0480 2819446 (എറിയാട് കൃഷിഭവൻ)