കൊടുങ്ങല്ലൂർ: ക്യൂവിൽ നിന്നും ഡെപ്പോസിറ്റ് തക അടച്ചും എടുത്ത ബി.എസ്.എൻ.എൽ ലാൻഡ് ഫോണുകൾ ഇപ്പോൾ കേടുവന്നാൽ റിപ്പയർ ചെയ്തു കിട്ടാൻ മാസങ്ങളുടെ കാലതാമസം നേരിടുന്നതായി പരാതി.കൂടാതെ ഫോൺ പ്രവർത്തനരഹിതമായ കാലത്തേക്കും ബിൽ വരുന്നതായും ആക്ഷേപമുണ്ട്.
പൊതുമേഖലാ സ്ഥാപനമെന്ന പരിഗണനയിലാണ് കൂടുതൽ പേരും ബി.എസ്.എൻ.എൽ ഫോൺ കണക്‌ഷൻ എടുത്തിട്ടുള്ളത്. നഷ്ടത്തിലായതിനാൽ ജീവനക്കാരെ ഒഴിവാക്കിയിരിക്കുകയാണ്. കാരണങ്ങൾ കണ്ടെത്തി ബി.എസ്.എൻ.എല്ലിനെ നിലനിറുത്താൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് അപ്ലിക്കൻ്റ്സ് ആൻഡ് കൺസ്യൂമേഴ്സ് ഫോറം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യഥാസമയം ആവശ്യമായ സർവ്വീസുകൾ ലഭിക്കാത്ത പക്ഷം ഉപഭോക്താക്കൾ സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടി വരും. ഇവരുടെ ചൂഷണത്തിൽ നിന്നും ഉപഭോക്താക്കളെ രക്ഷിക്കാൻ പൊതു മേഖലാ സ്ഥാപനങ്ങളെ നിലനിർത്തണമെന്നും യോഗം വിലയിരുത്തി.
പ്രസിഡന്റ് എം.ആർ. നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.എസ്. തിലകൻ, ശ്രീകുമാർ ശർമ്മ, അബ്ദുൾ ഖാദർ കണ്ണേഴുത്ത്, പി.ആർ. ചന്ദ്രൻ, ടി. ശ്രീകുമാർ, പ്രൊഫ. കെ. അജിത, കുഞ്ഞുമുഹമ്മദ് കണ്ണാം കുളത്ത് ഡോ. സുലേഖ ഹമീദ്, എൻ.കെ. ജയരാജ് എന്നിവർ സംസാരിച്ചു.