canal

ചാലക്കുടി പള്ളി കനാലിലേയ്ക്ക് വെള്ളം എത്തിയത് നീരീക്ഷിക്കുന്നതിന് ബി.ഡി. ദേവസി എം.എൽ.എയും നഗരസഭാ വൈസ് ചെയർമാൻ വിൽസൻ പാണാട്ടുപറമ്പിലും എത്തിയപ്പോൾ.

ചാലക്കുടി: കണ്ണംകുളത്തിലേയ്ക്ക് കനാൽവെള്ളം എത്തിക്കുന്നതിന്റെ മുന്നോടിയായി ഇറിഗേഷൻ വിഭാഗം ട്രയൽ റൺ നടത്തി. നഗരസഭയുടെ സഹകരണത്തോടെ നടന്ന പരീക്ഷണ അടിസ്ഥാനത്തിലെ വെള്ളം വിടൽ വിജയകരമായിരുന്നു. സൗത്ത് ജംഗ്ഷനിലെ മൂലൻസ് ബിൽഡിംഗ് വരെ ചൊവ്വാഴ്ച വെള്ളമെത്തി. കനാലിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യലും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇതാണ് വെള്ളത്തിന്റെ ഒഴുക്കിന് വേഗത കുറയാനിടയാക്കിയത്. തൽക്കാലം നിറുത്തിവയ്ക്കുന്ന വെള്ളം ബുധനാഴ്ച രാവിലെ മുതൽ വീണ്ടും തുറന്നുവിടും. ദേശീയപാതയിലെ മേൽപ്പാലത്തിനടിയിലൂടെ കടന്നുപോകുന്ന വെള്ളം ബുധനാഴ്ച ഉച്ചയോടെ കണ്ണംകുളത്തിൽ എത്തുമെന്നാണ് പ്രതീക്ഷ.

രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ് കൂടപ്പുഴ ബ്രാഞ്ച് കനാലിലൂടെ ഫൊറോന പള്ളിയുടെ ഭാഗത്ത് വെള്ളമെത്തുന്നത്. നഗരസഭ മുൻകൈയെടുത്ത് നടത്തിയ ദൗത്യത്തിന് ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ പരിപൂർണ്ണ സഹകരണം ഉണ്ടായതായി ബി.ഡി. ദേവസി എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാർ 65 ലക്ഷം രൂപ ചെലവ് ചെയ്ത് കണ്ണംകുളം നവീകരിച്ചതിലൂടെ ഒരു വലിയ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുകയാണ്. കനാൽ കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങൾക്കും ഇതു ഗുണപ്രദമാകും എം.എൽ.എ പറഞ്ഞു. നഗരസഭാ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻ യു.വി. മാർട്ടിൻ, കൗൺസിലർമാരായ സീമ ജോജോ, വി.ജെ. ജോജി എന്നിവരും സ്ഥലത്തെത്തിയിരുന്നു.