വടക്കാഞ്ചേരി: കുംഭച്ചൂടിനെ വകവയ്ക്കാതെ പൊയ്ക്കുതിരകൾ പുഞ്ചവയലുകൾ താണ്ടി കാവിലെത്തി. പൊയ്ക്കുതിരവേലയ്ക്ക് കേളി കേട്ട മച്ചാട് മാമാങ്കം വർണ്ണാഭമാക്കാൻ ആയിരങ്ങൾ ഒത്തുചേർന്നു. ഉച്ചയോടെ ഓരോ ദേശവും പതിവുപോലെ ആചാരവെടികൾ മുഴക്കി കുതിരകളെ തോളലേറ്റി തിരുവാണിക്കാവ് ലക്ഷ്യമാക്കി നീങ്ങി.

കരുമത്ര, മണലിത്തറ, മംഗലം, പാർളിക്കാട് എന്നീ ദേശങ്ങളിൽ നിന്നും എത്തിയ പൊയ്ക്കുതിരകൾ ക്ഷേത്രത്തിൽ സംഗമിച്ചു. മണലിത്തറ ദേശത്തിന്റെ കുംഭക്കുടവും കുതിരകൾക്കൊപ്പമെത്തി. മംഗലം അയ്യപ്പൻകാവിലെ വെളുത്ത ആൺകുതിരയാണ് ആദ്യം സ്ഥാനം പിടിച്ചത്. പിന്നീടു് നട്ടുത്തറ മണ്ഡപത്തിൽ പഞ്ചവാദ്യം കൊട്ടിത്തീർത്ത ശേഷം കുതിര കളി ആരംഭിച്ചു. ഓരോ ദേശക്കാരും ഭഗവതിക്ക് മുന്നിൽ കുതിരകളെ അമ്മാനമാടി.

വൈകീട്ട് പൂതൻ, തിറ, ഹരിജൻ വേല, എന്നിവ കാവ് പ്രദക്ഷിണം വച്ചു. രാത്രി പിന്നണി ഗായകൻ വിധു പ്രതാപ് നയിച്ച മെഗാഷോയും. ഗാനമേളയും അരങ്ങേറി.