senkumar
പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ജനജാഗരണ സമിതി അന്നമനട മേഖലാ കമ്മറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം മുൻ ഡി.ജി.പി. ടി.പി.സെൻകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

മാള: കൊല്ലപ്പെട്ടവരുടെയും കൊന്നവരുടെയും ദിനം ആഘോഷിക്കുന്ന പാർട്ടിയാണ് സി.പി.എമ്മെന്ന് മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ജനജാഗരണ സമിതി അന്നമനട മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗാളിൽ സി.പി.എമ്മുകാർക്ക് അടികൊണ്ടാൽ ഓടിക്കയറാൻ ബി.ജെ.പി ഓഫീസുകൾ മാത്രമേ ഉള്ളൂവെന്ന് മനസിലാക്കേണ്ടവർ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പല തരത്തിൽ പെരുമാറാൻ അറിയാവുന്ന തന്നോട് മര്യാദകേട് കാണിച്ചാൽ അതിന്റെ അഞ്ചിരട്ടിയിൽ തിരിച്ചുകൊടുക്കും. ഇക്കാര്യങ്ങൾ ലോക്കൽ നേതാക്കൾ മനസിലാക്കിയാൽ നല്ലതാണെന്നും സെൻകുമാർ വ്യക്തമാക്കി. അന്നമനടയിൽ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞവർ ഓർക്കേണ്ടത് താൻ പിണറായി വിജയന്റെ സ്ഥലത്ത് പോയി പ്രസംഗിക്കും. തന്നോട് ഏറ്റുമുട്ടി നാല് തവണ പിണറായി വിജയന്റെ പല്ല് കൊഴിഞ്ഞിട്ടുണ്ടെന്നും സെൻകുമാർ പറഞ്ഞു. ടി.എൻ. മുരളീധരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.

നിസ്‌കരിക്കാൻ കുമ്പിട്ട് ജീവനോടെ നിവരാൻ കഴിയുമെന്ന് ഉറപ്പുള്ള ഒരേയൊരു രാജ്യം ഭാരതമാണെന്ന് പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല പറഞ്ഞു. പുറത്താക്കാനല്ല അകത്താക്കാനാണ് സി.എ.എയെന്നും രാഷ്ട്രീയക്കാരുടെ വാലാകാൻ ഹൈന്ദവ സംഘടനകളെ കിട്ടില്ല. സി.പി.എമ്മും കോൺഗ്രസും മഹല്ല് കമ്മിറ്റിക്ക് കത്ത് നൽകി ആവശ്യപ്പെട്ടാൽ സമരത്തിനിറങ്ങുന്നവരായി ഒരു വിഭാഗം മാറിയെന്നും കെ.പി. ശശികല കൂട്ടിച്ചേർത്തു.

അഡ്വ. ഒ.ഡി. ബാലചന്ദ്രൻ, മനോഹരൻ ആലത്തൂർ, കെ. കേശവദാസ്, പി.എൻ. അശോകൻ, വേണു കോക്കാടൻ, വി.ഡി. അംബുജാക്‌ഷൻ തുടങ്ങിയവർ സംസാരിച്ചു.