തൃശൂർ: മാവോയിസ്റ്റുകളുടെയും ഭീകരരുടെയും പേരിൽ സംസ്ഥാനത്ത് ഒഴുകിയെത്തിയ കോടാനുകോടി രൂപ വളരെ ആസൂത്രിതമായി കൊള്ളയടിക്കുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്തതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരിട്ടുള്ള പണമിടപാടുകളാണ് ആഭ്യന്തര വകുപ്പിൽ നടന്നത്. സുതാര്യമായ ടെൻഡർ നടപടികളൊന്നുമില്ല. പർച്ചേസ് മാനദണ്ഡങ്ങൾ പാലിച്ചില്ല. എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽ പറത്തുകയാണ് ചെയ്തത്. പൊലീസുകാർക്ക് മാത്രം നടത്താൻ കഴിയുന്ന അഴിമതിയല്ല നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട അഴിമതിയാണിത്.

മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സ്വന്തക്കാരെ തന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരാണ് അഴിമതിയുടെ സൂത്രധാരന്മാാർ. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ളവരാണ് തട്ടിപ്പിന് പിന്നിൽ. കെൽട്രോണിനാണ് വീഴ്ച പറ്റിയതെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നത്. കെൽട്രോണിനെ മറയാക്കി ഭീമമായ കൊള്ള നടത്തുന്നത് കാലങ്ങളായി സംസ്ഥാനത്ത് നടക്കുന്നു.

മുഖ്യമന്ത്രിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണം. ആഭ്യന്തര സെക്രട്ടറിയുടെ നാല് പേജ് റിപ്പോർട്ട് കൊണ്ട് അഴിമതി കഴുകിക്കളയാനുള്ള ചെപ്പടി വിദ്യയാണ് സർക്കാർ നടപ്പിലാക്കുന്നത്.

പാർട്ടി പുനഃസംഘടന ഒട്ടും വൈകാതെ പൂർത്തിയാക്കും. എല്ലാവരുമായും ആശയ വിനിമയം നടത്തി കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം പ്രഖ്യാപിക്കും. എ. നാഗേഷ്, അഡ്വ. കെ.കെ. അനീഷ്‌കുമാർ എന്നിവരും പങ്കെടുത്തു.