arimpur

അരിമ്പൂർ: നേന്ത്രക്കായയുടെ വിലയിടിവിൽ കർഷകർക്ക് പ്രതിസന്ധി. മനക്കൊടി, കിഴുപ്പിള്ളിക്കര, കരാഞ്ചിറ, പഴുവിൽ, ചേർപ്പ് എന്നിവിടങ്ങളിലെ നൂറുകണക്കിനു കർഷകരാണ് പ്രതിസന്ധി നേരിടുന്നത്. ഉത്പാദനം കൂടിയതും പുറത്തു നിന്നും നേന്ത്രക്കായ വിപണിയിൽ എത്തുന്നതുമാണ് വിലയിടിവിന് കാരണം.

മാസങ്ങൾക്കു മുൻപ് കിലോയ്ക്ക് 75 മുതൽ 80 രൂപ വരെ ഉണ്ടായിരുന്ന നേന്ത്രന്റെ ഇപ്പോഴത്തെ വില 30 രൂപയാണ്. പ്രധാന മാർക്കറ്റുകളിൽ പുറമെ നിന്നും വരുന്ന നേന്ത്രക്കായ സുലഭമായതോടെ കിട്ടുന്ന വിലയ്ക്ക് വിറ്റഴിക്കേണ്ട ഗതികേടിലാണ് ഗ്രാമീണ കർഷകർ. സീസണിൽ നല്ല കച്ചവടം പ്രതീക്ഷിച്ച് കൃഷിയിറക്കിയവർ ഇതോടെ കടക്കെണിയിലാകുമെന്ന സ്ഥിതിയിലാണ്.

വൻ സാമ്പത്തിക നഷ്ടം വിലയിടിവ് മൂലം ഉണ്ടാകുന്നുവെന്ന് കർഷകർ പറയുന്നു. ഗ്രാമീണ കർഷകരുടെ തോട്ടങ്ങളിൽ ഇപ്പോൾ വിളവെടുപ്പ് കാലമാണ്. കഴിഞ്ഞ പ്രളയത്തിലുണ്ടായ വൻനഷ്ടത്തെ തുടർന്ന് ഏറെ പ്രതീക്ഷയോടെയാണ് ഇക്കുറി കൃഷിയിറക്കിയത്. എന്നാൽ വിലയിടിവ് നട്ടെല്ലൊടിച്ചെന്നാണ് കർഷകപക്ഷം.

പണ്ടം പണയം വച്ചും അമിത പലിശയ്ക്ക് ബാങ്ക് ലോണെടുത്തുമാണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയിട്ടുള്ളത്. വിലയിടിവ് വന്നതോടെ ലോൺ എങ്ങനെ അടയ്ക്കുമെന്ന ആശങ്കയുണ്ട്. ഏക്കർ കണക്കിനു ഭൂമി പാട്ടത്തിനെടുത്ത് നേന്ത്രവാഴ കൃഷിയിറക്കിയ കർഷകരും ഇക്കൂട്ടത്തിലുണ്ട്.

ഒരു നേന്ത്രവാഴ നട്ട് വിളവെടുപ്പ് സമയം വരെ പരിപാലിക്കുന്നതിന് ശരാശരി 300 രൂപ ചെലവ് വരുമെന്നാണ് കണക്ക. ഒരു കുല വെട്ടി വിറ്റാൽ ഈ തുക പോലും ലഭിക്കാത്ത സ്ഥിതിയുണ്ട്. ആശ്വാസമാകുമെന്ന് കരുതിയ പ്രദേശിക വിപണന കേന്ദ്രങ്ങളും ഗ്രാമീണ കർഷകരെ കൈയൊഴിയുകയാണ്.

നേന്ത്രപ്പഴത്തിന്റെ വിപണിവില- 30- 35 രൂപ (റീട്ടെയിൽ നിരക്ക്)

ഒരു നേന്ത്രവാഴ പരിപാലത്തിന് വേണ്ടി വരുന്നത് - 300 രൂപയോളം

പത്ത് കിലോ വരുന്ന വാഴക്കുല വിറ്റാൽ കർഷകന് കിട്ടുക- 250 രൂപ

മാർക്കറ്റിൽ വരവ് നേന്ത്രക്കായയ്ക്ക് വില കുറഞ്ഞതിനാൽ നാടൻ ചെങ്ങാലിക്കോടൻ കായയ്ക്കും വില കിട്ടുന്നില്ല. പാട്ടത്തിനെടുത്തും സ്വന്തം ഭൂമിയിലും കൃഷി ചെയ്യുന്നവരുണ്ട്. ഈ സാഹചര്യത്തിൽ കർഷകർക്ക് ധനസഹായം നൽകാൻ സർക്കാർ തയ്യാറാകണം. പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്ന് അറിയില്ല.

- സുബിഷ് മേനോത്തുപറമ്പിൽ, മനക്കൊടി, കർഷകൻ

വണ്ടിക്ക് വന്നിട്ട് വ്യാപകമായി വിതരണം ചെയ്യുന്നതിനാൽ കച്ചവടം വളരെ മോശമാണ്. ചെങ്ങാലിക്കോടൻ ആണെങ്കിൽ 35രൂപ വച്ച് കൊടുക്കാനേ കഴിയൂ.

- ഗോപിദാസൻ, ജില്ലാ പഞ്ചായത്ത് പച്ചക്കറി വിപണന കേന്ദ്രം (അരിമ്പൂർ)