തൃശൂർ: പട്ടികജാതി, പട്ടിക വർഗ വ്യവസായ സംരംഭകർക്കായി സംസ്ഥാന വ്യവസായ വകുപ്പും കേരള ബ്യൂറോ ഒഫ് ഇൻഡസ്ട്രിയൽ പ്രമോഷനും(കെ ബിപ്) ഫെഡറേഷൻ ഒഫ് ചേംബേഴ്‌സ് ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും(ഫിക്കി) സംയുക്തമായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ഹോട്ടൽ ജോയ്‌സ് പാലസിൽ നടന്ന ശിൽപ്പശാലയിൽ എം.എസ്.എം.ഇ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ എം. പളനിവേൽ മുഖ്യ പ്രഭാഷണം നടത്തി. തൃശൂർ ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി.ആർ. വിജയകുമാർ, എൻ.സി.ഐ.സി ഇവന്റ്‌സ് ഹെഡ് ഡോ. കെ.കെ. സുരേഷ്, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഫിക്കി സംസ്ഥാന കൗൺസിൽ സീനിയർ അസിസ്റ്റന്റ് ഡയറക്ടർ പ്രീതി മേനോൻ സ്വാഗതം പറഞ്ഞു.
എസ്.സി എസ്.ടി സംരംഭകരുടെ വ്യവസായ വികസനത്തിനും അവരുടെ ഉത്പന്ന വിപണനത്തിനും ആവശ്യമായ പിന്തുണ നൽകുക, വിപണനത്തിനായി ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന് വേണ്ട മാർഗനിർദേശങ്ങൾ ലഭ്യമാക്കുക. കേന്ദ്ര കേരള പൊതുമേഖലാ സ്ഥാപനങ്ങളുടെ വെണ്ടർ പോളിസി സംബന്ധിച്ച് അവബോധം നൽകുക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ ശിൽപ്പശാലയിൽ എം.എസ്.എം ഇൻസ്റ്റിറ്റിയൂട്ട് ഇൻവെസ്റ്റിഗേറ്റർ കെ. രേഖ, എ ടു സെഡ് പാക്കേജിംഗ് പ്രൊപ്രൈറ്റർ അബ്ദുൾ റഷീദ്, എഫ്.സി.ഐ ജനറൽ മാനേജർ രാജൻ ജോസഫ്, ഔഷധി മാനേജർ ആർ. സുരേഷ് കുമാർ, ടെക്‌സ്‌റ്റൈൽസ് കോർപറേഷനിലെ എബി തോമസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.