തൃശൂർ: തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൾട്ടി ഫെസ്റ്റ് ദ്യുതി ഇന്ന് മുതൽ 23 വരെ കോളേജ് കാമ്പസിൽ നടക്കുമെന്ന് യൂണിയൻ ചെയർമാൻ മുഹമ്മദ് അർഷദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദ്യുതിയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് സബ് കളക്ടർ അഫ്‌സാന പർവീൺ നിർവഹിക്കും.
തുല്യതയ്ക്കായി എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. എട്ട് പഠനവകുപ്പുകളുടെ ആഭിമുഖ്യത്തിൽ എൺപതിലേറെ ഇവന്റുകൾ ദ്യുതിയുടെ ഭാഗമാകും. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ്, സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന എക്‌സ്‌പോ തുടങ്ങിയവയും ഉണ്ടായിരിക്കും. രാത്രികളിൽ ഡി.ജെ വാർ, സംഗീത- നൃത്ത മത്സരങ്ങൾ എന്നിവയും നടക്കും.
യൂണിയൻ ജനറൽ സെക്രട്ടറി ആദിൽ ഫലാഹ്, ജോയിന്റ് സെക്രട്ടറി കെ.വി. സ്‌മേര, സംഘാടക സമിതി ചെയർമാൻ വിഷ്ണു വിനോദ്, കൺവീനർ അബ്ദുൾ റൗഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.