തൃശൂർ: വെള്ളറക്കാട് സർവീസ് സഹകരണ ബാങ്കിൽ കെട്ടിടനിർമ്മാണത്തിന്റെ മറവിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപണം. കെട്ടിടനിർമ്മാണച്ചട്ടം ലംഘിച്ചാണ് കെട്ടിടം നവീകരിച്ചതെന്നും 33 ലക്ഷം രൂപയുടെ നവീകരണത്തിനാണ് ജോയിന്റ് രജിസ്ട്രാർ അനുമതി നൽകിയതെങ്കിലും ഒരു കോടി അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് പ്രവൃത്തികൾ പൂർത്തിയാക്കിയതെന്നും ഇതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ഡി.സി.സി ജനറൽ സെക്രട്ടറി വി.കെ. രഘുസ്വാമി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗവും ബാങ്കിന്റെ സെക്രട്ടറിയുമായ പി.എസ്. പ്രസാദിന്റെ നേതൃത്വത്തിലാണ് നിർമാണം നടന്നത്. കെട്ടിടം പുതുക്കിപ്പണിതപ്പോൾ പൊതുമരാമത്ത് റോഡ് കൈയ്യേറിയതായും ആക്ഷേപമുണ്ട്. പെരിന്തൽമണ്ണയിലെ പട്ടികജാതി സംഘത്തിന്റെ പേരിൽ ബാങ്ക് സെക്രട്ടറിയുടെ ബിനാമികളാണ് നിർമ്മാണപ്രവൃത്തികൾ നടത്തിയതെന്നും പരാതിയുണ്ട്.

അഴിമതിക്ക് നേതൃത്വം നൽകുന്ന സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് സമഗ്രാന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കടങ്ങോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. സുലൈമാൻ, യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ.എം. നിധീഷ്, സി.എം. ഷറഫുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.