ജില്ലയിലെ 1820 റവന്യൂ ജീവനക്കാരിൽ ജോലിക്ക് ഹാജരായത് 462 പേർ മാത്രം
തൃശൂർ: ഒരു വിഭാഗം റവന്യൂ ജീവനക്കാർ നടത്തിയ പണിമുടക്കിൽ ജില്ലയിലെ റവന്യൂ ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റി. കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി റവന്യൂ ജീവനക്കാർ നടത്തിയ പണിമുടക്കിൽ വില്ലേജ് ഓഫീസുകൾ 50 ശതമാനത്തിലധികവും പൂർണ്ണമായും അടഞ്ഞു കിടന്നു. തുറന്ന ഓഫീസുകളിൽ ജീവനക്കാർ കുറവായിരന്നു. കളക്ടറേറ്റിലും റവന്യൂ ഡിവിഷണൽ ഓഫീസുകളിലും, താലൂക്ക് ഓഫീസുകളിലും, സ്‌പെഷ്യൽ ഓഫീസുകളിലും ഹാജർനില നാമമാത്രമായിരുന്നു. റവന്യൂ ഓഫീസുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർവേ വിഭാഗം ജീവനക്കാർ കൂടി സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഓഫീസ് വിട്ടു നിന്നതോടെ പ്രവർത്തനത്തെ ബാധിച്ചു.
പണിമുടക്കിനെതിരെ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിരുന്നു. പണിമുടക്കിനുശേഷം എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും, കളക്ടറേറ്റിനു മുന്നിലും ജീവനക്കാർ പ്രകടനവും ധർണയും നടത്തി. കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ് ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ കെ.എ. ശിവൻ ഉദ്ഘാടനം ചെയ്തു. കെ.ആർ.ഡി.എസ്.എ ജില്ലാ പ്രസിഡന്റ് ജഗ്ജിത് സിംഗ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി എം.യു. കബീർ, പ്രസിഡന്റ് കെ.സി. സുഭാഷ്, കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.എച്ച്. ബാലമുരളി, ടി. ജയശ്രീ, രജിത്ത് പി.ജി എന്നിവർ സംസാരിച്ചു. പ്രകടനത്തിനും ധർണ്ണയ്ക്കും സമീറ, സനീഷ, ബിനോയ്, പ്രസാദ്, ശ്രീരാജ് കുമാർ, ഹരീഷ്‌കുമാർ, ജയേഷ്, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
സമരക്കാരുടെ ആവശ്യങ്ങൾ
വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക
വി.എഫ്.എ തസ്തികയിലെ 50 ശതമാനം അപ്‌ഗ്രേഡ് ചെയ്യുക
നൈറ്റ് വാച്ച്മാൻ തസ്തിക അനുവദിക്കുക
വില്ലേജ് ഓഫീസർമാർക്ക് സർക്കാർ അംഗീകരിച്ച ശമ്പളസ്‌കെയിൽ ലഭ്യമാക്കുക