തൃശൂർ: ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടിവ് എൻജിനിയറെ എ.ഐ.വൈ.എഫ് പ്രവർത്തകർ ഉപരോധിച്ചു. അയ്യന്തോൾ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലെ മൂന്നാം നിലയിലെ അദ്ദേഹത്തിന്റെ ഓഫീസിലാണ് ഉപരോധിച്ചത്. മൂന്ന് വർഷത്തോളം അകാരണമായി റോഡ് പണി ആരംഭിക്കാത്ത കരാറുകാരനെതിരെ പല തവണ പരാതിപെട്ടിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് എളവള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തിയത്.
എളവള്ളി പഞ്ചായത്ത് പത്താം വാർഡിലെ കർഷകറോഡ് നിർമ്മാണത്തിൽ കരാറുകാരെന്റ അനാസ്ഥക്കെതിരെ ആയിരുന്നു എ.ഐ.വൈ.എഫ് പ്രതിഷേധിച്ചത്. മുരളി പെരുനെല്ലി എം.എൽ.എ റോഡ് നിർമ്മാണത്തിനായി 3.25 ലക്ഷം രൂപ അനുവദിച്ചിട്ടും പണി നടക്കാതെ പോയത്. ജില്ലാ കമ്മിറ്റി അംഗം സി.കെ.രമേഷ്, മേഖലാ സെക്രട്ടറി അനിഷ് പി.എം, പ്രസിഡന്റ് സെബി. പി.ബി, കമൽ വാക എന്നിവർ നേതൃത്വം നൽകി.