കൊടുങ്ങല്ലൂർ: ഒത്തുപിടിച്ചപ്പോൾ അഴീക്കോട് ഉഷസ്സ് അയൽകൂട്ടത്തിന്റെ കൈയിലെത്തിയത് ദേശീയ പുരസ്‌കാരം. 'ഒത്തൊരുമിച്ചാൽ മലയും പോരും' എന്ന ചൊല്ല് അന്വർത്ഥമാക്കിയാണ് ഈ പെൺകരുത്ത് മികച്ച കുടുംബശ്രീക്കുള്ള ദേശീയ പുരസ്‌കാരം ജില്ലയിലെത്തിച്ചത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങളെ കണ്ടെത്താൻ നടത്തിയ തിരഞ്ഞെടുപ്പിലാണ് തൃശൂർ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ഉഷസ്സ് വിജയം കണ്ടത്.
ചിട്ടയായ പ്രവര്‍ത്തനവും പരിശ്രമവും ഒന്നിച്ചാല്‍ വിജയം തേടിയെത്തുമെന്ന് തെളിയിക്കുകയായിരുന്നു ഇവർ. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 34 അയൽക്കൂട്ടങ്ങളെ തെരഞ്ഞെടുത്തതിൽ കേരളത്തിൽ നിന്നുള്ള രണ്ട് യൂണിറ്റുകളിലൊന്നാണ് ഉഷസ്സ്. മറ്റൊന്ന് കോട്ടയം ജില്ലയിലാണ്. ഇന്ത്യയിലെ മികച്ച അയല്‍ക്കൂട്ടത്തിനുള്ള ദേശീയ ഗ്രാമ വികസന മന്ത്രാലയത്തിന്റെ പുരസ്‌കാരം ദേശീയ വനിതാ ദിനമായ മാർച്ച് 7 ന് ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ സമ്മാനിക്കും.
അയൽക്കൂട്ട യോഗം ചേരാൻ ഒരിടം എന്ന നിലയിലാണ് സ്വന്തമായി ഒരു കെട്ടിടം എന്ന ആശയം ഉദിച്ചത്. അതിനായി ലിങ്കേജ് ലോൺ വഴി ആദ്യം മൂന്ന് സെന്റ് സ്ഥലം സ്വന്തമാക്കി. പിന്നീട് ലാഭം ഒന്നും എടുക്കാതെ സ്വരുക്കൂട്ടിയ പൈസ ഉപയോഗിച്ച് കെട്ടിടവും നിർമിച്ചു. അങ്ങനെയാണ് എറിയാട് പഞ്ചായത്തിൽ സ്വന്തമായി കെട്ടിടമുള്ള കുടുംബശ്രീ യൂണിറ്റായി ഞങ്ങൾ മാറിയത്.
- അംബുജം, യൂണിറ്റിന്റെ അമരക്കാരി, കെ.എസ്.എഫ്.ഇ ജീവനക്കാരി
പ്രവർത്തനങ്ങൾ
20 അംഗങ്ങളുമായി 2003ലാണ് ഉഷസ്റ്റ് കുടുംബശ്രീ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഓരോരുത്തരും ലോണെടുത്ത് ആരംഭിച്ച കുഞ്ഞ് സംരംഭങ്ങളിലൂടെയാണ് തുടക്കം. പത്തിരി നിർമ്മാണത്തിൽ തുടങ്ങിയ പ്രവർത്തനം ഇന്ന് സ്വന്തമായൊരു കാറ്ററിംഗ് യൂണിറ്റിൽ എത്തി നിൽക്കുന്നു. പതിയെ പലചരക്ക് കച്ചവടവും കോഴി വളർത്തലും ഏറ്റെടുത്തു. കാറ്ററിംഗ് യൂണിറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ 'ഉണർവ്' എന്ന പേരിൽ അയൽക്കൂട്ട അംഗങ്ങൾ തന്നെ അഭിനയിച്ച ഒരു ആൽബവും നിർമ്മിച്ചു. അംഗങ്ങളുടെ നിശ്ചയദാര്‍ഢ്യത്തില്‍ പുത്തന്‍ സംരംഭങ്ങള്‍ ഇനിയും ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ്.