sunheat
സൂര്യതാപമേറ്റ നിലയിൽ മേലൂരിലെ വിദ്യാർത്ഥി

ചാലക്കുടി: മേലൂരിൽ വിദ്യാർത്ഥിക്ക് സൂര്യതാപമേറ്റു. മേലൂർ പള്ളി നട ഭാഗത്തെ കുരിശേരി സെബാസ്റ്റ്യന്റെ മകൻ സ്റ്റാൻലി(14)യുടെ കഴുത്തിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് സൂര്യാഘാതമുണ്ടായത്. കഴുത്തിന്റെ വലതുഭാഗത്ത ആറിഞ്ച് നീളത്തിൽ തൊലി പൊള്ളിയിട്ടുണ്ട്. ഇപ്പോൾ വീട്ടിൽ വിശ്രമിക്കുന്ന കുട്ടിയെ അടുത്ത ദിവസം ആശുപത്രിയിൽ തുടർ ചികിത്സക്കായി ത്വക്ക് രോഗാശുപത്രിയിൽ എത്തിക്കണമെന്ന് താലൂക്ക് ആശുപത്രി അധികൃതർ നിദ്ദേശിച്ചതായി വീട്ടുകാർ പറഞ്ഞു.

മേലൂർ സെന്റ് ജോസഫ് സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. സംഭവ ദിവസം താലൂക്ക് ആശുപത്രിയിൽ പോയെങ്കിലും ശരീരത്തിൽ അസ്വഭാവികമായി ഒന്നും പ്രകടമല്ലാത്തതിനാൽ സ്റ്റാൻലിയെ വീട്ടിൽ വിശ്രമത്തിന് വിടുകയായിരുന്നു. വീടിന്റെ പരിസരത്ത് സൈക്കിളിൽ സഞ്ചരിക്കുമ്പോഴായിരുന്നു കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ടീഷർട്ട് ഊരി നോക്കിയപ്പോൾ കഴുത്തിൽ ചെറിയൊരു നിറംമാറ്റം കാണുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് കഴുത്തിലെ ത്വക്ക് പഴുത്ത നിലയിലായത്. ചലവും പുറത്തുവരാൻ തുടങ്ങിയപ്പോഴാണ് വീണ്ടും ആശുപത്രിയിലേയക്ക് കൊണ്ടുപോയതെന്ന് കുട്ടിയുടെ അമ്മ ലിൻസി പറഞ്ഞു.

തുടർന്നാണ് വീണ്ടും കുട്ടിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചത്. മേലൂർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം. മഞ്ചേഷ് സ്ഥലത്തെത്തി കുട്ടിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി. സൂര്യാഘാതമേറ്റാൽ പൂർണ്ണ വിശ്രമമാണ് വേണ്ടതെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ നിർദ്ദേശിച്ചു. മേലൂർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എസ്. ബിജുവും സ്ഥലത്തെത്തി.

ജാഗ്രത പാലിക്കണം
സൂര്യാഘാതത്തെ ചെറുക്കുന്നതിന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. രാവിലെ 11.30 മുതൽ വൈകീട്ട് 3.30 വരെയാണ് സൂര്യാഘാതമേൽക്കാൻ ഇടയുള്ള സമയം. ഈ സമയത്ത് തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്. ദേഹം മുഴവനും മറക്കുന്ന കോട്ടൻ വസ്ത്രങ്ങൾ ധരിക്കണം. ധാരാളം തണുത്ത വെള്ളം കുടിക്കണം. ഉപ്പിന്റെ അംശം കലർന്ന വെള്ളമാണെങ്കിൽ ഉചിതം.
- ഡോ. എൻ.എ. ഷീജ, ചാലക്കുടി ആശുപത്രി സൂപ്രണ്ട്