ചാലക്കുടി: കണ്ണംകുളത്തിലേയ്ക്ക് കനാൽവെള്ളം എത്തിക്കുന്നതിന്റെ മുന്നോടിയായി ഇറിഗേഷൻ വിഭാഗം നടത്തുന്ന ട്രയൽ റൺ തുടരുന്നു. നഗരസഭയുടെ സഹകരണത്തോടെ പരീക്ഷണ അടിസ്ഥാനത്തിൽ നടത്തിയ രണ്ടാം ദിവസത്തെ പ്രയത്‌നത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ വരെ എത്തിക്കുവാൻ കഴിഞ്ഞു. ഈ പ്രദേശത്ത് വിതികുറഞ്ഞ കനാലിൽ കല്ലും മരങ്ങളും നിറഞ്ഞു കിടക്കുകയാണ്. ജെ.സി.ബി ഉപയോഗിച്ച് ഇവയെല്ലാം നീക്കം ചെയ്താണ് വെള്ളം ഒഴുക്കി വിടുന്നത്. ഇവിടെ കനാലിന് മുകളിൽ സ്ലാബ് ഇട്ടതിനാൽ ഇവ പൊളിച്ചുള്ള വൃത്തിയാക്കൽ എളുപ്പമല്ല. വ്യാഴാഴ്ചയോടെ വെള്ളം കണ്ണംകുളത്തിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനിടെ മെയിൻ കാനാലിൽ നിന്നും കൂടുതൽ വെള്ളം എത്തുന്നതിനാൽ കൂടപ്പുഴ പ്രദേശത്ത് കര കവിഞ്ഞൊഴുകലുമുണ്ടായി. ദേശീയ പാത മേൽപ്പാലത്തിനിടിയിൽ കനാലിന്റെ ഉയരം കൂടിയതാണ് തുടർന്നുള്ള പടിഞ്ഞാറൻ ഭാഗത്തേക്ക് വെള്ളം ഒഴുകാൻ തടസമാകുന്നത്. പതിനെട്ട് വർഷത്തിനു ശേഷമാണ് കൂടപ്പുഴ ബ്രാഞ്ച് കനാലിലൂടെ ഫൊറോന പള്ളിയുടെ ഭാഗത്ത് വെള്ളമെത്തുന്നത്. നഗരസഭ മുൻകൈയെടുത്ത് നടത്തിയ ദൗത്യത്തിന് ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ പരിപൂർണ്ണ സഹകരണം ഉണ്ടെന്ന് വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ പറഞ്ഞു. അടുത്ത ദിവസം തീർച്ചയായും കുളത്തിൽ വെള്ളമെത്തുമെന്ന് ഇറിഗേഷൻ അസി.എക്‌സി. എൻജിനയർ സി.കെ. ബൈജു വ്യക്തമാക്കി.
സംസ്ഥാന സർക്കാർ 65 ലക്ഷം രൂപ ചെലവ് ചെയ്ത് കണ്ണംകുളം നവീകരിച്ചതിലൂടെ ഒരു വലിയ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ആവുകയാണ്. കനാൽ കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങൾക്കും ഇതു ഗുണപ്രദമാകും. സ്ഥിരം സമിതി അദ്ധ്യക്ഷ ബിജി സദാനന്ദൻ, കൗൺസിലർമാരായ ബിന്ദു ശശികുമാർ, ഉഷ പരമേശ്വരൻ, സീമ ജോജോ എന്നിവരും സ്ഥലത്തെത്തി.