തൃശൂർ: സർക്കാരിന്റെ വാഗ്ദാന ലംഘനം തുടർക്കഥയാകുന്നു, മലയോര മേഖലക്കാർ വീണ്ടും പട്ടയത്തിനായി സമരഭൂമിയിലേക്ക്. നിരവധി തവണ പട്ടയം നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചെന്ന് ആരോപിച്ചാണ് മലയോര കർഷകർ വീണ്ടും സമരത്തിനിറങ്ങുന്നത്. നിലവിൽ 1500 പേർക്ക് പട്ടയം നൽകാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടക്കാൻ സാദ്ധ്യതയില്ലെന്ന് സമരസമിതി ഭാരവാഹികൾ പറയുന്നു.
ജില്ലയിൽ പതിനായിരക്കണക്കിന് പേർക്കാണ് പട്ടയം ലഭിക്കാനുള്ളത്. മന്ത്രിമാർ, ചീഫ് വിപ്പ്, കളക്ടർ എന്നിവർ നൽകിയ ഉറപ്പാണ് ലംഘിക്കപ്പെട്ടത്. ഇപ്പോൾ നൽകുമെന്ന് പറഞ്ഞിരിക്കുന്നത് തന്നെ വളരെ കുറച്ച് പേർക്ക് മാത്രമാണ്. ഒല്ലൂർ നിയോജക മണ്ഡലത്തിൽ മാത്രം പതിനായിരത്തോളം പേർക്ക് പട്ടയം ലഭിക്കാനുണ്ട്. ആദ്യം നവംബറിലും പിന്നീട് ഡിസംബറിലും തുടർന്ന് ജനുവരി, ഫെബ്രുവരി മാസങ്ങളും പട്ടയം നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നു. അവസാനം മാർച്ച് രണ്ടാം വാരത്തിൽ നൽകുമെന്നാണ് പറയുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2019 ഡിസംബറിനകം സംയുക്ത പരിശോധന കഴിഞ്ഞതും, പട്ടയം മുൻപ് അനുവദിച്ചതും യഥാസമയം നൽകാതെ പോയതുമായ 2500 പേർക്ക് വേഗത്തിലും ബാക്കിയുള്ളവർക്ക് നടപടിക്രമം പൂർത്തിയാകുന്നതനുസരിച്ചും പട്ടയം നൽകുമെന്ന് ധാരണയായിരുന്നു. ആദ്യ ഘട്ടത്തിൽ ഇതിന്റെ ഭാഗമായി 3031 പേർക്ക് പട്ടം ലഭിക്കുമെന്ന ഉറപ്പും ലഭിച്ചിരുന്നു.
മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, എ.സി. മൊയ്തീൻ, ചീഫ് വിപ്പും ഒല്ലൂർ എം.എൽ.എയുമായ കെ. രാജൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഉറപ്പുകൾ നൽകിയതെങ്കിലും അവ പാലിക്കപ്പെട്ടില്ലെന്ന് സമരസമിതി നേതാക്കൾ ചൂണ്ടിക്കാട്ടി. സർവേ നടപടികൾ പൂർത്തിയാക്കാൻ മൂന്ന് പേരടങ്ങുന്ന പത്ത് സംഘത്തെ നിയോഗിക്കാനും യോഗത്തിൽ ധാരണയായെങ്കിലും തുടർനടപടികളുണ്ടായില്ല.
വാഗ്ദാനങ്ങൾ പലവക
ആദ്യഘട്ടത്തിൽ പട്ടയം നൽകുമെന്ന് പറഞ്ഞത്- 3031 പേർക്ക്
വേഗത്തിൽ പട്ടയം നൽകുമെന്ന് പറഞ്ഞത് - 2500 പേർക്ക്
ഈ വരുന്ന മാർച്ചിൽ നൽകുമെന്ന് പറയുന്നത് - 1500 പേർക്ക്
പ്രധാന ആവശ്യം
1977ന് മുമ്പ് കുടിയേറിയവർക്ക് പട്ടയം നൽകുക
പ്രവർത്തനങ്ങൾ വേഗത്തിലാക്കുക
മജിസ്റ്റീരിയൽ അധികാരമുള്ള സ്‌പെഷ്യൽ ഓഫീസറെ നിയമിക്കുക
മരണം വരെ നിരാഹാരം
ഒല്ലൂർ മണ്ഡലത്തിലെ പുത്തൂർ, നടത്തറ, മാടക്കത്തറ, പാണഞ്ചേരി പഞ്ചായത്തുകളിലായി പതിനായിരം കുടുംബങ്ങളാണ് പട്ടയത്തിനായി വർഷങ്ങളായി കാത്തിരിക്കുന്നത്. ഈ മാസം 24 മുതൽ മരണം വരെ കളക്ടറേറ്റിൽ നിരാഹരസമരം നടത്താനാണ് മലയോര സംരക്ഷണ സമിതിയുടെ തീരുമാനം. വരും ദിവസങ്ങളിൽ സമരപരിപാടികൾക്ക് അന്തിമരൂപം നൽകുമെന്ന് മലയോര സംരക്ഷണസമിതി രക്ഷാധികാരി ഫാ. ജോർജ്ജ് കണ്ണംപ്ലാക്കൽ, ജില്ലാ കൺവീനർ കെ.കെ. ജോർജ്ജ്, നിയമോപദേശകൻ അഡ്വ. ഷാജി കോടങ്കണ്ടത്ത്, എം.വി. ചന്ദ്രൻ, പി.കെ. ഗോപി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിൽ മാർച്ച് മാസം പകുതിയോടെ 1500 വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജില്ലയിൽ 219 വനഭൂമി പട്ടയങ്ങളാണ് നൽകിയിട്ടുള്ളത്. 2,000 വനഭൂമി പട്ടയങ്ങളുടെ വിവരം കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി ഓൺലൈൻ വഴി സമർപ്പിക്കും.
-എസ്. ഷാനവാസ്, കളക്ടർ