അജിത ജയരാജൻ വീണ്ടും മേയർ പദവിയിലേക്ക്
തൃശൂർ: ഇന്ന് നടക്കുന്ന കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ മുൻ മേയർ അജിത ജയരാജൻ ഇടതുപക്ഷ സ്ഥാനാർത്ഥിയാകും. മുന്നണി ധാരണപ്രകാരം സി.പി.ഐയിലെ അജിത വിജയൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. ഇടതുമുന്നണി നേതൃയോഗം സ്ഥാനാർത്ഥിത്വം അംഗീകരിച്ചു.
മേയർ സ്ഥാനത്തേക്ക് കോൺഗ്രസും മത്സരിക്കും. 'ഐ' ഗ്രൂപ്പിലെ പ്രസീജ ഗോപകുമാറാണ് സ്ഥാനാർത്ഥി. ആറ് അംഗങ്ങളുള്ള ബി.ജെ.പി വിട്ടുനിൽക്കും. ഇടതുപക്ഷത്ത് 27, കോൺഗ്രസിന് 22 അംഗങ്ങളുണ്ട്. അട്ടിമറി സാദ്ധ്യതകളില്ലാത്തതിനാൽ അജിത ജയരാജൻ മേയറായി തിരഞ്ഞെടുക്കപ്പെടും. ഇന്നലെ സി.പി.എം പാർലമെന്ററി പാർട്ടി യോഗത്തിൽ എം.പി. ശ്രീനിവാസൻ അടക്കം നാലു കൗൺസിലർമാർ പങ്കെടുത്തില്ല.
സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, യു.പി. ജോസഫ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ പി. കൃഷ്ണൻകുട്ടി നടത്തിയ വിവാദ പരാമർശങ്ങൾ ചർച്ചയ്ക്കെടുക്കാൻ ചിലർ ശ്രമിച്ചുവെങ്കിലും നേതാക്കൾ വിലക്കി. കോർപറേഷൻ യോഗങ്ങളിൽ ഇടതുപക്ഷത്തെ പലരും കടുത്ത വിമർശനങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും വോട്ടിംഗിൽ പ്രതികൂലമായി ബാധിക്കില്ല.