കൊടുങ്ങല്ലൂർ: പൗരത്വ നിയമം പാസാക്കപെട്ടു കഴിഞ്ഞു ഇനി എന്ത് എന്നതിനും പാസാക്കപ്പെട്ട നിയമത്തിനെതിരെ എന്ത് ചെയ്യാൻ കഴിയും എന്നതിനുമുള്ള ഉത്തരമാണ് ഗാന്ധിയെന്ന് സുനിൽ പി. ഇളയിടം. എറിയാട് മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല അങ്കണത്തിൽ സംഘടിപ്പിച്ച മതേതര സംഗമത്തിൽ ഭരണഘടനക്കേറ്റ മുറിവുകൾ എന്നതിനെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ജാതി-മത- രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിച്ചപ്പോഴെല്ലാം ചരിത്രത്തിൽ ദുർഭരണാധികാരികൾ ജനങ്ങളാൽ പുറംതള്ളപെട്ടിട്ടുണ്ട്. ഹിറ്റ്ലറും മുസോളിനിയുമെല്ലാം ഇതിനുള്ള ഉദാഹരണങ്ങളാണ്. ഗാന്ധി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച സമരമുറയാണ് നിയമ ലംഘനം. ഒറ്റകെട്ടായി പ്രതികരിച്ചാൽ നാളെ ഇന്ത്യയിലും ചരിത്രം ആവർത്തിക്കും. അതിനുള്ള പ്രതിരോധം ഇന്ത്യൻ യുവത്വത്തിൽ നിന്നും ഉയർന്നു കഴിഞ്ഞു. നാളെ ഇത് ആളി പടരും, അതിനു മുന്നിൽ ഭരണകൂടത്തിന് തല കുനിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘാടക സമിതി ചെയർമാൻ എ.എ. ഇക്ബാലിന്റെ അദ്ധ്യക്ഷതയിൽ കെ.കെ. മുഹമ്മദ് സ്വാഗതവും എം.വി. രജീഷ് നന്ദിയും പറഞ്ഞു.