തൃശൂർ: കേരള പ്രീമിയർ ലീഗ് ഫുട്‌ബാൾ മത്സരത്തിൽ എഫ്.സി കേരളയ്ക്ക് മിന്നും ജയം. എതിരില്ലാത്ത രണ്ടുഗോളിന് എം.എ കോളേജ് കോതമംഗലത്തെയാണ് അവർ കീഴടക്കിയത്.
എഫ്.സി. കേരളയുടെ കോസ്റ്ററിക്കൻ താരം സിറിൾ, മുന്നേറ്റതാരം അഭിഷേക് എന്നിവരാണ് നിർണായക ഗോളുകൾ നേടിയത്. ഒന്നാം പകുതിയുടെ 40-ാം മിനിറ്റിൽ മദ്ധ്യനിരയിൽ നിന്ന് സ്‌ട്രൈക്കർ സിറിൾ പന്ത് പോസ്റ്റിലേക്ക് നീട്ടിയടിച്ചു ലക്ഷ്യം കണ്ടു. (1-0). രണ്ടാം പകുതിയിലും എഫ്‌സിക്കാരുടെ മുന്നേറ്റമായിരുന്നു.. 78-ാം മിനിറ്റിൽ ഇടതുവിംഗർ ശ്രീക്കുട്ടൻ നൽകിയ ക്രോസിൽ സിറിൾ തലവച്ചു. ഗോൾ പോസ്റ്റിനടുത്തു വന്നുവീണ പന്ത് അഭിഷേക് ഗോൾവലയിലേക്ക് നിഷ്‌പ്രയാസം അടിച്ചുകയറ്റി (2-0). ഇതോടെ സമ്പൂർണമേധാവിത്വമായി.
ബി ഗ്രൂപ്പിൽ അഞ്ചുമത്സരങ്ങൾ പൂർത്തീകരിച്ച എഫ്.സി കേരള ആറുപോയിന്റോടെ നാലാം സ്ഥാനത്താണ്. ശനിയാഴ്ച തിരൂർ സ്‌പോർട്‌സ് അക്കാഡമിയുമായാണ് എഫ്.സി. കേരളയുടെ ആദ്യറൗണ്ടിലെ അവസാന മത്സരം. ഈ കളിയും ജയിച്ചാലേ എഫ്.സി. കേരളയ്ക്ക് സെമി സാദ്ധ്യതയുള്ളൂ.