ചേർപ്പ്: ആറാട്ടുപുഴ പല്ലിശേരിയിൽ ആർ.എസ്.എസുകാരും ബി.ജെ.പിക്കാരും ചേരിതിരിഞ്ഞ് സംഘർഷം. 15 ആർ.എസ്.എസുകാർക്കെതിരെ ചേർപ്പ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ആർ.എസ്.എസുകാരായ രവി ഞെരുവുശേരി, ശ്രീരാജ് ഊരകം, അഖിൽ ആറാട്ടുപുഴ, ബിജു കെക്കരിപ്പാടം, ബാബുട്ടൻ വല്ലച്ചിറ, വിഷ്ണു വല്ലച്ചിറ, ആരോമൽ പല്ലിശേരി, അമൽദേവ് പല്ലിശേരി, ജോജോ ഉങ്ങുംചുവട്, ഷിജു പൂച്ചിന്നിപ്പാടം എന്നിവർക്കും കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയുമാണ് കേസെടുത്തത്.
ബി.ജെ.പി ബൂത്ത് പ്രസിഡന്റ് സൗമേഷ് കോട്ടയിൽ, ബി.ജെ.പി പ്രവർത്തകരായ നിതിൻ തലപ്പിള്ളി, വിഷ്ണു കളത്തിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. പല്ലിശേരിയിലെ കാവടി സമാജം ഓഫീസിൽ ഉണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകരെ ആയുധങ്ങളുമായി ബൈക്കിലെത്തിയ ആർ.എസ്.എസ് സംഘം ആക്രമിക്കുകയായിരുന്നു. ഓഫീസിൽ പതിനഞ്ചോളം പേരുണ്ടായിരുന്നെങ്കിലും ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു.