കൊടുങ്ങല്ലൂർ: നഗരസഭയിൽ ഭിന്നശേഷിക്കാരും മത്സ്യത്തൊഴിലാളികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് 2020- 21 വർഷത്തേക്കുള്ള പദ്ധതികൾ ആവിഷ്‌കരിക്കുവാനുള്ള വാർഡ് സഭ ചേർന്നു. നഗരസഭ ടൗൺ ഹാളിൽ ചേർന്ന സഭ, ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരന്റെ അദ്ധ്യക്ഷതയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്. കൈസാബ്, ശോഭ ജോഷി, പി.എൻ. രാമദാസ്, പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണിക്കൃഷ്ണൻ, വി.എം. ജോണി, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത് എന്നിവർ പ്രസംഗിച്ചു.
ഈ വർഷം ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ഇനത്തിൽ 33 ലക്ഷം രൂപയുടെയും ഭിന്നശേഷിക്കാർക്ക് വീൽചെയർ നൽകുന്നതിന് 13, 20,000 രൂപയുടെയും പദ്ധതികളാണ് നടപ്പിലാക്കുന്നത്. ശുഭാപ്തി ഡിസെബിലിറ്റി സെന്ററിന് 100000 രൂപ വിഹിതമായി കൈമാറിക്കഴിഞ്ഞിട്ടുണ്ട്. മത്സ്യമേഖലയിൽ തൊഴിലാളികളുടെ മക്കൾക്ക് ലാപ്‌ടോപ് നൽകുന്നതിന് നാലര ലക്ഷം രൂപയും ഫർണിച്ചർ നൽകുന്നതിന് 2 ലക്ഷം രൂപയും കരിമീൻ കൂടുകൃഷിക്ക് 3 ലക്ഷം രൂപയുമാണ് പദ്ധതി വിഹിതമായി നീക്കിവെച്ചിട്ടുള്ളത്. വള്ളവും വലയും വാങ്ങുന്നതിനും സബ്‌സിഡി നൽകും. .