തൃശൂർ: തൃശൂർ ഇന്ന് ഉറക്കമുണർന്നത് കോയമ്പത്തൂർ അപകടത്തിന്റെ ഞെട്ടലിലാണ്. കോയമ്പത്തൂർ അവിനാശിക്കടുത്ത് കെ.എസ്.ആർ.ടി.സി ബസിൽ കണ്ടെയ്‌നർ ലോറി പാഞ്ഞ് കയറി ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആഘാതത്തിൽ നിന്ന് ആരും ഇതുവരെയും മോചിതരല്ല. അപകടവാർത്ത പുറത്ത് വന്നപ്പോൾ ആദ്യം നാലു പേരാണ് തൃശൂരിൽ നിന്നുള്ളവർ എന്നായിരുന്നു വിവരം.

എന്നാൽ പിന്നീട് ദുരന്തത്തിന്റെ ആഴം വർദ്ധിച്ചു. 19 പേർ മരിച്ചതിൽ ഒമ്പത് പേരും തൃശൂർ ജില്ലയിൽ നിന്നുള്ളവരാണ്. 48 യാത്രക്കാരിൽ 21 പേരും തൃശൂരിൽ ഇറങ്ങേണ്ടവരായിരുന്നു. മരുമകളുടെ സഹായത്തിനായി തൃശൂരിൽ താമസിക്കുന്ന പാലക്കാട് സ്വദേശി റോസിലിയും കർണാടകയിൽ സ്ഥിരതാമസക്കാരനായ കിരൺകുമാറും ഇതിൽ ഉൾപ്പെടും. ഇരുവരും ടിക്കറ്റെടുത്തിരുന്നത് തൃശൂരിലേക്കാണ്.

ഒല്ലൂർ പള്ളിക്കു സമീപം താമസിക്കുന്ന അപ്പാടൻ റാഫേലിന്റെ മകൻ ഇഗ്‌നി റാഫേൽ (39) ബസ് അപകടത്തിൽ മരിച്ചെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ആദ്യമെത്തിയത്. മരിച്ച ഇഗ്‌നിയുടെ ഭാര്യ വിൻസി (30) ക്കും ഗുരുതര പരിക്കുണ്ട്. ഒല്ലൂരിനെ വീണ്ടും നടുക്കിക്കൊണ്ട് ചിയ്യാരം കരുവാൻ റോഡിൽ ചിറ്റിലപ്പിള്ളി പോളിന്റെ മകൻ ജോഫി പോൾ (33) മരിച്ചെന്ന വിവരം തൊട്ടു പിന്നാലെയെത്തി. ജോയ് ആലുക്കാസ് ബംഗളൂരു ശാഖയിൽ മാനേജരായി ജോലി ചെയ്യുകയാണ് ജോഫി. വ്യാഴാഴ്ച വെളുപ്പിന് വീട്ടിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് മരണവിവരം വീട്ടുകാർ അറിയുന്നത്.
തൃശൂർ അരിമ്പൂർ സ്വദേശി കെ.ഡി. യേശുദാസിന്റെ മരണവും ഞെട്ടലോടെയാണ് നാട്ടുകാർ അറിഞ്ഞത്. കൈപ്പിള്ളി റിംഗ് റോഡിൽ കൊള്ളനൂർ കൊട്ടേക്കാട് വീട്ടിൽ യേശുദാസ്(37) കുടുംബ സമേതം ബംഗളൂരുവിലായിരുന്നു താമസം. ബംഗളൂരുവിൽ ടയോട്ട മോട്ടോഴ്‌സിൽ മാനേജരാണ്.
അപകടത്തിൽ മരിച്ചവരിൽ ചിറ്റിലപ്പിള്ളി സ്വദേശിയായ കെ.എം. ഹനീഷിന്റെ മരണം (25) നാടിനെ ഞെട്ടിച്ചു. ബംഗളൂരുവിൽ ഫണുഖ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ സർവീസ് എൻജിനിയറാണ് ഹനീഷ്. നാട്ടിലെ കലാസംസ്‌കാരിക മേഖലയിലെ സജീവ പ്രവർത്തകനായിരുന്നു ഹനീഷ്.

അണ്ടത്തോട് കുമാരൻപടി കള്ളിവളപ്പിൽ മുഹമദാലിയുടെ മകൻ നസീഫ് (നസിമോൻ 24) ബസപകടത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു. ജ്യേഷ്ഠന്റെ ഗൃഹപ്രവേശനത്തിനായി നാട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.

മകൻ ഗൾഫിലായതിനാൽ, ജൂബിലിമിഷൻ ആശുപത്രിയിൽ ജോലി ചെയ്യുന്ന മരുമകൾ സോനയ്ക്കും കൊച്ചുമകൻ അലനുമൊപ്പം തൃശൂരിൽ താമസിക്കുകയായിരുന്ന പാലക്കാട് ചന്ദ്രനഗർ സ്വദേശിനി റോസിലിയുടെ മരണവും നാടിന് നൊമ്പരമായി. അഞ്ചേരി മരിയാപുരത്ത് വാടകവീട്ടിലായിരുന്നു താമസം. ഭർത്താവിനൊപ്പം ഗൾഫിനു പോകുന്നതിനുവേണ്ടിയുള്ള പരീക്ഷ എഴുതുന്നതിനു സോന ബംഗളൂരുവിൽ പോയപ്പോൾ റോസിലിയും അലനും ഒപ്പം പോയി. പരീക്ഷ പാസായി. ബുധനാഴ്ച രാത്രി മടങ്ങുമ്പോഴാണ് അപകടം.