puthenchira
ലോകാരോഗ്യ സംഘം പുത്തൻചിറയിൽ എത്തിയപ്പോൾ

മാള: ലോകാരോഗ്യ സംഘടനയുടെ പതിനഞ്ചംഗ പ്രതിനിധി സംഘം പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി. 2017- 2025 കാലഘട്ടങ്ങളിലായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന നാഷണൽ സ്ട്രാറ്റജിക് പ്ലാൻ അനുസരിച്ചുള്ള ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങളും, ലോകാരോഗ്യ സംഘടനയുടെ സുസ്ഥിര വികസനലക്ഷ്യം-2030 ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങളും സംഘം വിലയിരുത്തി. പുത്തൻചിറ പഞ്ചായത്ത് തലത്തിലും ബന്ധപ്പെട്ട സി.എച്ച്.സി തലത്തിലും സംയുക്തമായി നാളിതുവരെ നടത്തിയിട്ടുള്ളതും, നടത്താനുദ്ദേശിച്ചിട്ടുള്ളതുമായ പ്രവർത്തനങ്ങളും പദ്ധതികളും, മറ്റുനിർദേശങ്ങളും മനസിലാക്കുന്നതിനും നേരിട്ട് ബോധ്യപ്പെടുന്നതിനുമായാണ് ലോകാരോഗ്യ സംഘടനയുടെ പതിനഞ്ചംഗം സംഘം പുത്തൻചിറ സി.എച്ച്.സി യിൽ സന്ദർശിച്ചത്.

പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് വി.എ. നദീർ പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്ന ക്ഷയരോഗ നിർമ്മാർജ്ജന പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ. രാജേഷ് സന്നിഹിതനായ ചടങ്ങിൽ എൻ.ടി.ഇ.പി മെഡിക്കൽ ഓഫീസർ ഡോ. ശ്രീലക്ഷ്മി ക്ഷയരോഗവുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവൻ പ്രവർത്തനങ്ങളും രേഖകൾ സഹിതം അവതരിപ്പിച്ചു. കൂടാതെ പ്രമേഹരോഗികൾ, സി.ഒ.പി.ഡിക്കാർ, പുകവലിക്കാർ എന്നിവരെ കേന്ദ്രീകരിച്ചുള്ള ക്ഷയരോഗ നിർമ്മാർജ്ജ നാടിനായുള്ള പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതിയും വിശദീകരിച്ചു.

മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ടി.വി. ബിനു, ഡോ. സജീവൻ (കൊടുങ്ങല്ലൂർ ടി.ബി. യൂണിറ്റ് എം.ഒ.ടി.സി) , ബിന്ദു,(എസ്.ടി.എൽ.എസ്) പിഞ്ചു (എസ്.ടി.എസ്) ജീവ (ടി.ബി.എച്ച്.വി) ഹരിദാസ് (ഹെൽത്ത് ഇൻസ്പെക്ടർ) തുടങ്ങിയവർ പങ്കെടുത്തു.