ഗുരുവായൂർ: ദേവസ്വം ഗസ്റ്റ് ഹൗസുകളായ ശ്രീവത്സം, പാഞ്ചജന്യം, കൗസ്തുഭം എന്നിങ്ങളിൽ ഏപ്രിൽ ഒന്നുമുതൽ ഓൺലൈൻ ബുക്കിംഗ് സംവിധാനം തുടങ്ങുമെന്ന് ചെയർമാൻ കെ.ബി. മോഹൻദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇ-ദേവസ്വം പദ്ധതിയുടെ ഭാഗമായി എല്ലാ വിഭാഗങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറും. ഗജരത്നം പദ്മനാഭന്റേയും വലിയ കേശവന്റേയും വിലക്ക് നീക്കാൻ ദേവസ്വം ഗൗരവമായി ഇടപെടും.
ദേവസ്വം പുറത്തിറക്കുന്ന കൃഷ്ണ ഭക്തിഗാനങ്ങളുടെ ആൽബം മാർച്ച് ഒന്നിന് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. എസ്. രമേശൻ നായർ രചിച്ച് എം. ജയചന്ദ്രൻ ഈണമിട്ട 13 ഗാനങ്ങളുള്ളതാണ് സംഗീത ആൽബം. ദേവസ്വത്തിന്റെ യു-ട്യൂബ് ചാനൽ, ഒഫീഷ്യൽ ഫേസ് ബുക്ക് പേജ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
പാഞ്ചജന്യം അനക്സ് നിർമാണം പൂർത്തിയാക്കാനും ദേവസ്വം മെഡിക്കൽ സെന്ററിനോടു ചേർന്ന് പുതിയ കെട്ടിടം നിർമിച്ച് ചികിത്സാ സംവിധാനങ്ങൾ വിപുലപ്പെടുത്താനും തീരുമാനിച്ചതായി ചെയർമാൻ അറിയിച്ചു. ദേവസ്വം ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത്, കെ. അജിത്, ഇ.പി.ആർ വേശാല, കെ.വി. ഷാജി, എ.വി. പ്രശാന്ത്, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.