kalanji-band
കലാഞ്ഞിയിലെ രണ്ട് ബണ്ടുകളും പൊട്ടിയതോടെ ഉപ്പുവെള്ളം കയറുന്നു

വാടാനപ്പള്ളി : കനോലി പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാൻ കെട്ടിയ കലാഞ്ഞി ബണ്ടുകൾ രണ്ടും തകർന്നു. പ്രദേശത്ത് ഉപ്പുവെള്ളം കയറിയതോടെ കൃഷി നശിക്കുന്നു .

ജില്ലാ പഞ്ചായത്ത് കലാഞ്ഞിപാലത്തിന് സമീപം 25 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന സ്ഥിരം ബണ്ടിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഉപ്പുവെള്ളം കയറുന്നത് തടയാൻ ഡിസംബറിൽ കനാലിന് കുറുകെ മൂന്ന് താത്കാലിക ബണ്ടുകളാണ് നിർമ്മിച്ചത്. മുളകുറ്റി സ്ഥാപിച്ച് ചേറ് ഇട്ടാണ് ബണ്ടുകൾ നിർമിച്ചത്. ഉപ്പുവെള്ളം ഇല്ലാത്ത സമയത്ത് കനാലിൽ നല്ല വെള്ളം കയറ്റിയാണ് ബണ്ടുകൾ നിർമിച്ചതും.

നല്ല വെള്ളം കൃഷിക്ക് അനുയോജ്യമായിരുന്നു. സ്ഥിരം ബണ്ടിന്റെ പണിക്കായി ഒന്ന് പൊട്ടിച്ചിരുന്നു. ഇതിനിടയിലാണ് വേലിയേറ്റം ശക്തമായതോടെ ഒഴുക്കിന്റെ ശക്തിയിൽ ശേഷിച്ച രണ്ട് ബണ്ടുകൾ പൊട്ടിയത്.

ഉപ്പുവെള്ളം തടയാൻ ഇവ വീണ്ടും കെട്ടിയെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും തകർന്നു. ഇതോടെയാണ് പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറുന്നത്. കനാലും തോടുകളും വഴിയാണ് ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നത്. ഹൈസ്കൂൾ ഗ്രൗണ്ടിന് വടക്ക് വരെയാണ് ഉപ്പുവെളളം കയറി കൃഷി നശിക്കുന്നത്. ഉപ്പുവെള്ളം കയറിയാൽ പറമ്പുകൾക്ക് പത്ത് വർഷം വരെ ദോഷം ഉണ്ടാകും. ബണ്ട് പൊട്ടി ഉപ്പുവെള്ളം കയറിയിട്ടും അധികൃതർ മൗനത്തിലാണ്. ബണ്ട് കെട്ടി സംരക്ഷിക്കാൻ അധികൃതർ നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായി.