എരുമപ്പെട്ടി: അവൾ മരുമകളായിരുന്നില്ല, മകളായിരുന്നു. കുറച്ചു ദിവസങ്ങളെ വീട്ടിൽ ഒരുമിച്ചുണ്ടായിരുന്നുള്ളുവെങ്കിലും ഒരായുസ്സിന്റെ മുഴുവൻ സ്നേഹവുമാണ് അവൾ ഞങ്ങൾക്ക് തന്നത്. ഒരു മാസം മുമ്പ് മകൻ്റെ വധുവായി വീടിൻ്റെ പടികയറിവന്ന അനുവിൻ്റെ മൃതദേഹം കണ്ട് ഹൃദയം തകർന്ന സ്നിജോയുടെ മാതാപിതാക്കളുടേതാണ് ഈ വാക്കുകൾ. ഇത് പറയുമ്പോൾ സ്നിജോയുടെ പിതാവ് ജോസിൻ്റെ മിഴികൾ നിറഞ്ഞൊഴുകി.

ഒരു വർഷം മുമ്പ് വിവാഹ നിശ്ചയം കഴിഞ്ഞതിനാൽ അപരിചത്വം ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞെത്തിയപ്പോൾ വീട്ടിലെ എല്ലാ അംഗങ്ങളോടും വർഷങ്ങളുടെ അടുപ്പമുള്ളത് പോലെയാണ് പെരുമാറിയിരുന്നത്. അപകടം പറ്റിയെന്ന് അറിഞ്ഞപ്പോൾ മുതൽ ഒന്നും വരുത്തരുതേയെന്ന് കർത്താവിൻ്റെ മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കുകയായിരുന്നു ഞങ്ങൾ. പക്ഷെ അതിനൊക്കെ എത്രയോ മുമ്പ് അവൾ ഞങ്ങളെ വിട്ടു പോയിരുന്നു. ദൈവം ഇഷ്ടമുള്ളവരെ ആദ്യം വിളിക്കും. എന്നാലും സഹിക്കാൻ കഴിയുന്നില്ല.

ഞങ്ങളുടെ മകന് സഹിക്കാനുള്ള കരുത്ത് നൽകണമേ മാതാവേ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന... പൊട്ടിക്കരഞ്ഞാണ് സ്നിജോയുടെ മാതാവ് ഇത് പറഞ്ഞത്. അനുവിനും ഖത്തറിൽ ജോലി ശരിയാക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു സ്നിജോ. കൊണ്ടുപോകാനുള്ള പേപ്പർ വർക്കുകളെല്ലാം ശരിയാക്കി വരുകയായിരുന്നു. അതിനിടയിലാണ് മരണം അനുവിനെ സ്നിജോയിൽ നിന്ന് കവർന്നെടുത്തത്.